ന്യൂഡല്‍ഹി: ദുബൈയിൽ നിന്നും ഇന്ത്യയിലെത്തിച്ച ഉത്തരാഖണ്ഡ് സ്വദേശിയുടെ മൃതദേഹം തിരിച്ചയച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഏപ്രിൽ 16നാണ് കമലേഷ് ഭട്ട് എന്ന യുവാവ് മരിച്ചത്. ദുബൈയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു കമലേഷ്. സാമൂഹ്യ പ്രവർത്തകനായ റോഷൻ റാത്തോരിയുടെ നിരന്തര ശ്രമങ്ങളുടെ ഫലമായാണ് കമലേഷിന്‍റെ മൃതദേഹം ഇന്ത്യയിലെത്തിച്ചത്. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്ന മൃതദേഹം ഇന്ത്യയിൽ സ്വീകരിക്കാൻ പാടില്ലെന്ന ഇന്ത്യൻ എംബസിയുടെ നിർദേശമനുസരിച്ച് ഇദ്ദേഹത്തിന്‍റെ മൃതദേഹം ദുബൈയിലേക്ക് തിരിച്ചയക്കുകയായിരുന്നു.
ഉത്തരാഖണ്ഡ് സ്വദേശിയെക്കൂടാതെ രണ്ട് മലയാളികളുടെ മൃതദേഹങ്ങള്‍ കൂടി വ്യാഴാഴ്‌ച ഇന്ത്യയിലെത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രണ്ട് മലയാളികളുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചയച്ചതായുള്ള റിപ്പോര്‍ട്ടുകളോട് ഇന്ത്യന്‍ എംബസി പ്രതികരിച്ചിട്ടില്ല. ഉത്തരാഖണ്ഡ് സ്വദേശിയുടേത് ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങൾ ഡൽഹി ഐജിഐ വിമാനത്താവളത്തിൽ വ്യാഴാഴ്‌ച എത്തിച്ചതായാണ് റിപ്പോര്‍ട്ട്.