ലഖ്‌നൗ: മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഡൽഹിയിലെ ആശുപത്രികളിൽ കൊവിഡ് ചികിത്സ വിലക്കിയ ഡൽഹി സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. പ്രതിസന്ധി ഘട്ടത്തിൽ ഇത്തരം വിവേചനങ്ങളൊന്നും നടത്തരുതെന്ന് പറഞ്ഞ അദ്ദേഹം അരവിന്ദ് കെജ്‌രിവാൾ ഈ വിഷയത്തിൽ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ ഡല്‍ഹി സർക്കാരും ദേശീയ തലസ്ഥാനത്തെ സ്വകാര്യ വ്യക്തികളും നടത്തുന്ന ആശുപത്രികളിൽ ഡൽഹി നിവാസികൾക്ക് മാത്രമേ ചികിത്സ നൽകൂവെന്ന് ഡൽഹി മുഖ്യമന്ത്രി അറിയിച്ചിരുന്നു. കേന്ദ്രം നടത്തുന്ന ആശുപത്രികൾക്ക് അത്തരം നിയന്ത്രണങ്ങളില്ലെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പ്രത്യേക ശസ്ത്രക്രിയകൾക്കായി ദേശീയ തലസ്ഥാനത്ത് വന്നാൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാമെന്നും ഓൺലൈൻ മാധ്യമത്തിലൂടെ കെജ്‌രിവാൾ പറഞ്ഞിരുന്നു.
എന്നാൽ ഇവിടെ ഇതുവരെ വൈദ്യചികിത്സയെ സംബന്ധിച്ചിടത്തോളം വിവേചനമൊന്നും നടത്തിയിട്ടില്ലെന്നും രാവണ രാജാവിന്‍റെ കാലത്ത് പോലും ഇത് ചെയ്തിട്ടില്ലെന്ന് യുപി ഉപമുഖ്യമന്ത്രി പറഞ്ഞു. അരവിന്ദ് കെജ്‌രിവാൾ എങ്ങനെയാണ് ഈ പ്രസ്താവന നൽകിയതെന്ന് തനിക്ക് മനസ്സിലാകുന്നില്ല. വൈദ്യസഹായം ലഭിക്കുന്നത് രാജ്യത്തെ ഓരോ പൗരന്‍റെയും അവകാശമാണെന്നും ഡൽഹി സർക്കാർ തീരുമാനം പിൻവലിക്കണമെന്നും മൗര്യ ആവശ്യപ്പെട്ടു.