കൊല്‍ക്കത്ത: കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിൻ സര്‍വീസുകൾ ഏപ്രില്‍ 15 വരെ നിര്‍ത്തിവെച്ചു. ഇന്ന് മുതൽ ഏപ്രിൽ 15 വരെ മൈത്രി, ബന്ദൻ എക്‌സ്‌പ്രസ് ട്രെയിനുകളുടെ സർവീസ് നിർത്തുമെന്ന് ഈസ്റ്റേൺ റെയിൽവേ അധികൃതര്‍ അറിയിച്ചു. കൊവിഡ് 19 രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് രണ്ട് ട്രെയിനുകളുടെയും സർവീസ് നിർത്തിവെച്ചതെന്നും ഇ.ആർ ഉദ്യോഗസ്ഥർ പറഞ്ഞു.
കൊൽക്കത്തയെ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയുമായി ബന്ധിപ്പിക്കുന്നതാണ് മൈത്രി എക്‌സ്‌പ്രസ്. കൊൽക്കത്തയ്ക്കും ബംഗ്ലാദേശിലെ ഖുൽന നഗരത്തിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനാണ് ബന്ദൻ എക്‌സ്‌പ്രസ്. സോണല്‍ റെയില്‍വേ ആസ്ഥാനമായ സിയല്‍ദയിലും മറ്റ് ഡിവിഷനുകളിലും യാത്രക്കാര്‍ക്കും തൊഴിലാളികൾക്കുമായി ബോധവല്‍കരണ പരിപാടികൾ നടത്തുന്നുണ്ട്. സിയാൽദയില്‍ ഐസൊലേഷൻ വാര്‍ഡുകൾ തുറന്നു. രോഗം പടരാതിരിക്കാൻ ട്രെയിനില്‍ ശുചീകരണ പ്രവര്‍ത്തനങ്ങൾ ശക്തമാക്കിയതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു.