ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 രോഗ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയിലും നിയന്ത്രണം. മാര്‍ച്ച് 16ന് തിങ്കാളാഴ്‌ച ചേരുന്ന കോടതി 12 അടിയന്തര കേസുകള്‍ മാത്രമാണ് പരിഗണിക്കുക. ജസ്റ്റിസുമാരുടെ എണ്ണം പരിമിതപ്പെടുത്തി ആറ് ബഞ്ചുകള്‍ മാത്രമായിരിക്കും തിങ്കളാഴ്‌ച പ്രവര്‍ത്തിക്കുകയെന്നും സുപ്രീം കോടതി ഇറക്കിയ പ്രത്യേക സര്‍ക്കുലറില്‍ അറിയിച്ചു. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് പൗരാവകാശ പ്രവര്‍ത്തകരായ ഗൗതം നവലഖ, ആനന്ദ് തെല്‍തുംബെ എന്നിവരുടെ ഹര്‍ജിയും നിര്‍ഭയ കേസ് പ്രതിയായ മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജിയും തിങ്കളാഴ്‌ച പരിഗണിക്കും. കോടതി ജീവനക്കാര്‍ ശുചിത്വം പാലിക്കണമെന്നും പനി, ചുമ, തലവേദന, ശ്വാസ തടസം തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്ന എസ്ഒപിക്ക് വിധേയമാകാമെന്നും അവധിയില്‍ പ്രവേശിക്കണമെന്നും സര്‍ക്കുലറില്‍ ചൂണ്ടികാണിച്ചു. കോടതിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ അടച്ചിടും. കോടതി മുറികളില്‍ അഭിഭാഷകരാല്ലാതെ മറ്റാര്‍ക്കും പ്രവേശമുണ്ടാകില്ല.
ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എം.ആര്‍. ഷാ, ജസ്റ്റിസുമാരായ യു.യു. ലളിത്, വിനീത് ശരണ്‍, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢ്, ഹേമന്ത് ഗുപ്‌ത, ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, എസ്. രവീന്ദ്ര ഭട്ട്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, സഞ്ജീവ് ഖന്ന എന്നിവരുടെ നേതൃത്വത്തിലുള്ള ബഞ്ചുകളായിരിക്കും പ്രവര്‍ത്തിക്കുക. മാര്‍ച്ച് 16ന് അടിയന്തര കേസുകളുടെ പട്ടിക തയാറാക്കുന്നതിനായി ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വൈകുനേരം അഞ്ച് മണിവരെ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കും. കെവിഡ് 19 ന്‍റെ വ്യാപനം തടയാന്‍ കൂട്ടയ്‌മകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് വരുകയാണെന്നും സുപ്രീംകോടതി അറിയിച്ചു. രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ അവധിയില്‍ പ്രവേശിച്ച് നിരീക്ഷണത്തില്‍ കഴിയണമെന്നും നിര്‍ദേശിച്ചു. കോടതി പരിസരത്ത് കൂട്ടംകൂടുന്നതും നിരോധിച്ചു.