ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുടെ പലായനവുമായി ബന്ധപ്പെട്ട് അഭിഭാഷകർ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറില്‍ നിന്നും തല്‍സ്ഥിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.റിപ്പോർട്ട് ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കണമെന്നാണ് നിർദേശം. വിഷയത്തിൽ കേന്ദ്ര സർക്കാരിന് കൂടുതൽ നിർദേശങ്ങൾ ഒന്നും സുപ്രീം കോടതി നൽകിയിട്ടില്ല. കേന്ദ്രത്തിന് നിര്‍ദേശങ്ങള്‍ നല്‍കി പ്രശ്നം കൂടുതല്‍ വഷളാക്കുന്നില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
ലോക് ഡൗണിനിടെ സ്വന്തം ഗ്രാമങ്ങളിലേക്ക് കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് താമസ സൗകര്യവും ഭക്ഷണവും നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ അലഖ് അലോക് ശ്രീവാസ്തവ, രശ്മി ബൻസൽ എന്നിവരാണ് ഹർജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ, ജസ്റ്റിസ് എല്‍.നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും.