ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് 19 പോസിറ്റീവ് രോഗി ഡോക്ടറെ തുപ്പിയതിന് കേസെടുത്തു. ശനിയാഴ്ച സർക്കാർ ആശുപത്രിയിലെ കൊവിഡ് 19 വാർഡിൽ കയറിയ ഡോക്ടറുടെ നേരെ ഇയാൾ മാസ്ക് നീക്കം ചെയ്ത് തുപ്പുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അന്ന് മുതല്‍ ഇയാള്‍ ജീവനക്കാരോടും സഹകരിക്കുന്നില്ലായിരുന്നു.
അതേസമയം നാഗപട്ടണം ജില്ലയിൽ സ്വകാര്യ ക്ലിനിക് നടത്തുന്ന 65 കാരനായ ഡോക്ടർക്ക് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. മൂന്നാഴ്ചക്ക് മുമ്പാണ് ഇയാൾ യുഎസിൽ നിന്ന് മടങ്ങിയെത്തിയത്. ഇദ്ദേഹത്തിന്‍റെ അടുത്ത് നിന്ന് ചികിത്സ സ്വീകരിച്ച ആളുകളോട് സ്വമേധയാ മുന്നോട്ട് വന്ന് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ ആളുകൾക്ക് 9751425002, 9500493022 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. മഹാരാഷ്ട്രയ്ക്കും ഡൽഹിക്കും ശേഷം രാജ്യത്ത് ഏറ്റവുമധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് തമിഴ്‌നാട്ടിൽ ആണ്. ആകെ 969 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 11 മരണങ്ങളും റിപ്പോർട്ട് ചെയ്തു.