മുംബൈ: കൊവിഡ് 19 വ്യാപനം ശക്തിപ്രാപിച്ചതോടെ രാജ്യത്തെ ഗതാഗതമേഖലയും പ്രതിസന്ധിയില്‍. ജനങ്ങള്‍ വ്യാപകമായി ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുകയും, യാത്ര ചെയ്യുന്നത് നിര്‍ത്തുകയും ചെയ്‌തതോടെ, വിമാനം -ബസ്- ടാക്സി തുടങ്ങി ഗതാഗത സേവനം നല്‍കുന്നവര്‍ വന്‍ സാമ്പത്തിക നഷ്‌ടമാണ് നേരിടുന്നത്. അന്താരാഷ്‌ട്ര- ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തുന്ന കമ്പനികള്‍ക്കും, ടിക്കറ്റ് ബുക്കിങ് ഏജന്‍സികളും കഴിഞ്ഞ മൂന്ന് മാസമായി നഷ്‌ടത്തിലാണെന്ന് ബ്ലൂ സ്‌റ്റാര്‍ എയര്‍ ട്രാവല്‍ സര്‍വീസ് സ്ഥാപന ഉടമ മാധവ് ഓസ പറയുന്നു.
ജനുവരി മാസത്തില്‍ ചൈനയിലേക്കുള്ള വിമാന ടിക്കറ്റുകള്‍ യാത്രക്കാന്‍ ക്യാന്‍സല്‍ ചെയ്‌തതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. ഫെബ്രുവരി മാസമായതോടെ അന്താരാഷ്‌ട്ര വിമാനടിക്കറ്റുകളുടെ ആവശ്യക്കാരുടെ എണ്ണം മുപ്പത് ശതമാനത്തോളം കുറഞ്ഞു. മാര്‍ച്ച് മാസത്തിലെത്തിയപ്പോള്‍ ഇത് അമ്പത് ശതമാനായി. രാജ്യത്ത് ഇതുവരെ 107 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.