ഗുവാഹത്തി: രാജ്യത്ത് കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ അസം സജ്ജമാണെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാൾ. സംസ്ഥാനത്ത് സിവില്‍, പൊലീസ്, ബാങ്കുകള്‍, അഗ്നിശമന സേന വിഭാഗങ്ങള്‍ അടിയന്തരഘട്ടത്തില്‍ ഉത്തരവാദിത്തോടെ പ്രവര്‍ത്തിക്കാന്‍ സജ്ജരായിരിക്കണമെന്നും അദ്ദേഹം അറിയിച്ചു. അസമില്‍ ഇതുവരെ കൊവിഡ് 19 കേസുകള്‍ ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല.
സാമൂഹ്യ അകലം പാലിക്കണമെന്നും , കൂട്ടം കൂടുന്നത് കഴിവതും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. മാര്‍ക്കറ്റുകളില്‍ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തണമെന്നും വിലക്കയറ്റം ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഭക്ഷ്യവിതരണ വകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തീവണ്ടി , വിമാന ഗതാഗതം നിര്‍ത്തിവെച്ചതിനാല്‍ യാത്ര മുടങ്ങിയ സംസ്ഥാനത്ത് പുറത്തുനിന്നുള്ള ആളുകള്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് കുടുങ്ങിയ അസം സ്വദേശികള്‍ക്ക് കൊല്‍ക്കത്തയടക്കമുള്ള സ്ഥലങ്ങളില്‍ താമസസൗകര്യം ഒരുക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് വകുപ്പിനും മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്.