ലക്‌നൗ: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ആഗ്ര ജില്ലാ ഭരണകൂടം ശിൽപാഗ്രാമിൽ വിദേശ വിനോദ സഞ്ചാരികളുടെ പരിശോധന ശക്തമാക്കി. രാജ്യത്തെ കൊവിഡ് 19 ബാധിതരുടെ എണ്ണം ഉയർന്നതോടെയാണ് നടപടി. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും വ്യാഴാഴ്ച രാവിലെ ജില്ലാ മജിസ്‌ട്രേറ്റിന്‍റെ വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. വിദേശത്ത് നിന്ന് വരുന്ന വിനോദ സഞ്ചാരികളെ സ്ക്രീനിങ് ചെയ്യുന്നതിനായി ടീമുകൾ രൂപീകരിക്കുമെന്ന് യോഗത്തിൽ തീരുമാനമെടുത്തിരുന്നു. പരിശോധനയ്ക്ക് ശേഷമേ താജ്‌മഹല്‍ സന്ദർശിക്കാൻ വിനോദസഞ്ചാരികളെ അനുവദിക്കുകയുള്ളു. ജലദോഷം, ചുമ, പനി എന്നീ ലക്ഷണങ്ങളുള്ള സഞ്ചാരികളെ ജില്ലാ ആശുപത്രിയിലേക്ക് അയക്കും.
താജ്‌മഹലിനടുത്തുള്ള ശിൽപാഗ്രാമിലെ പാർക്കിങ് സ്ഥലത്ത് സ്ക്രീനിങ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. താജ്‌മഹലിന്‍റെ കിഴക്കും പടിഞ്ഞാറുമുള്ള ഗേറ്റിൽ പ്രത്യേക ഡെഡ്‌ക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ആഗ്ര സ്റ്റേഷനിലും വിദേശ വിനോദ സഞ്ചാരികളെ പരിശോധിക്കുന്നതിനായി സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രി പരിസരം, ദയാൽബാഗ് സ്മാരകത്തിന്‍റെ കിഴക്കൻ ഗേറ്റ് എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തുന്നുണ്ട്. ആഗ്രയിൽ നിന്നുള്ള ആറ് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.