ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയില്‍ വീണ്ടും രാഷ്‌ട്രീയ അനശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ് മഹാരാഷ്‌ട്ര. മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെ മെയ് 28ന് മുമ്പായി നിയമസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. താക്കറെ നിലവില്‍ നിയമസഭാ അംഗമല്ല. നംവബര്‍ 28നാണ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. മെയ് 28ഓടെ ഭരണമേറ്റെടുത്തിട്ട് ആറ് മാസം തികയും. ആര്‍ട്ടിക്കിൾ 164 അനുസരിച്ച് ഇതിന് മുമ്പായി നാമനിര്‍ദേശം ചെയ്യപ്പെട്ടില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം താക്കറെ ഒഴിയേണ്ടി വരും.
താക്കറെ മത്സരിക്കാനിരുന്ന ലെജിസ്റ്റേറ്റീവ് കൗൺസിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 26ന് നടക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധി കാരണം തെരഞ്ഞെടുപ്പ് അനശ്ചിത കാലത്തേക്ക് നീട്ടി വെച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഉദ്ദവ് താക്കറയെ നിയമസഭാ കൗൺസിലിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ മഹാരാഷ്ട്ര മന്ത്രിസഭ ഗവര്‍ണര്‍ ബി.എസ്. കോഷിയാരിയോട് ശുപാര്‍ശ ചെയ്‌തിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ അസ്ഥിരത ലഘൂകരിക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോൺ വിളിച്ച് ആവശ്യപ്പെട്ടിരുന്നു.