ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികൾക്ക് വധ ശിക്ഷ വിധിച്ചതിലൂടെ നീതി ലഭിച്ചെന്ന് പറയുമ്പോൾ ബലാത്സംഗ കേസുകളുമായി ബന്ധപ്പെട്ട് അശാസ്യമല്ലാത്ത കണക്കുകളാണ് പുറത്തു വരുന്നത്. ഇന്ത്യയിൽ ബലാത്സംഗ കേസുകളിൽ ശിക്ഷാ നിരക്ക് 27.2 ശതമാനം മാത്രമാണെന്നാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ കണ്ടെത്തിയിരിക്കുന്നത്. ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ വീഴ്ചയാണ് ഇതിന് കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കനുസരിച്ച് 2018ൽ 1,56,327 ബലാത്സംഗ കേസുകളുടെ വിചാരണ നടന്നു. എന്നാൽ 17313 കേസുകളിൽ മാത്രമാണ് വിചാരണ പൂർത്തിയാക്കിയത്. ഇതിൽ 4708 എണ്ണത്തിൽ മാത്രമാണ് ആരോപണ വിധേയർക്ക് ശിക്ഷ ലഭിച്ചത്. 11133 കേസുകളിൽ ആരോപണ വിധേയർ കുറ്റവിമുക്തരാക്കപ്പെടുകയാണ് ചെയ്തത്. അതായത് 27.2 ശതമാനം കേസുകളില്‍ മാത്രമാണ് ശിക്ഷ വിധിച്ചതെന്നാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
2018ൽ 1,38,642 കേസുകളാണ് തീർപ്പുകൽപ്പിക്കാതെ ഇരിക്കുന്നത്. ശിക്ഷാ നിരക്ക് മുൻ വർഷത്തേക്കാൾ കുറഞ്ഞു. 2017ല്‍ 5,822 ബലാത്സംഗ കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടപ്പോൾ 32.2 ശതമാനം ശിക്ഷാ നിരക്ക് രേഖപ്പെടുത്തി. 2012ൽ 23കാരിയായ പാരാമെഡിക്കൽ വിദ്യാർഥിനി ഡൽഹിയിൽ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ശേഷം ബലാത്സംഗ വിരുദ്ധ നിയമങ്ങൾ കർശനമാക്കിയിട്ടും കൃത്യമായ ശിക്ഷാ നൽകാത്തത് കുറ്റവാളികൾക്ക് പ്രചോദനമാവുകയാണ്.
ലൈംഗികാതിക്രമം നേരിട്ടവർക്ക് കൃത്യമായും വേഗത്തിലും നീതി ലഭിക്കാൻ കോടതി വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഫാസ്റ്റ്ട്രാക്ക് കോടതികളെന്ന ആവശ്യവും ഉയരുകയാണ്. നീതിക്കായി വെറും കോടതി ഇടപെടൽ കൊണ്ട് പോര. സാമൂഹിക കാഴ്ചപ്പാടിലും മാറ്റം വരുത്തേണ്ടതുണ്ട്. പൊലീസിന് പോലും ഇക്കാര്യങ്ങളിൽ എത്രത്തോളം സ്ത്രീ വിരുദ്ധ ചിന്താഗതി ഉണ്ടെന്നതും സാമൂഹിക പിന്നാക്കം തന്നെയാണ് സൂചിപ്പിക്കുന്നത്. നീതിന്യായ വ്യവസ്ഥിതിയും സാമൂഹിക സാഹചര്യവും ഒത്തുചേർന്നുള്ള മാറ്റത്തിലൂടെ മാത്രമേ ബലാത്സംഗ കേസുകളിൽ നീതി ലഭിക്കുകയുള്ളൂ.