ലോകം ഇതുവരെ മൂന്ന് വ്യവസായിക വിപ്ലവങ്ങൾക്ക് സാക്ഷ്യം വഹിച്ചു. വ്യവസായികലോകത്ത് പുത്തന്‍ മാറ്റങ്ങള്‍ കുറിക്കുന്ന നാലാം വ്യവസായിക വിപ്ലവം സംജാതമാകുകയാണ്. ഇത് ലോകത്ത് വിപുലമായ സാമ്പത്തിക സാമൂഹിക മാറ്റങ്ങളാണ് വരുത്തുക. നാലാം വ്യവസായിക വിപ്ലവം മെച്ചപ്പെട്ട റോബോട്ടിക് സംവിധാനങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ലോകത്താകമാനം വിവിധ വ്യവസായ മേഖലകളിൽ 26 ലക്ഷം റോബോട്ടുകൾ പ്രവർത്തിക്കുന്നു. അമേരിക്കയിൽ 45 ശതമാനം ജോലികളും യാന്ത്രികമാകാൻ പോകുന്നു. സാങ്കേതിക പുരോഗതികൾ നിമിഷങ്ങൾക്കകം സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും അതിനനുസരിച്ച് പരിഷ്‌കരിക്കേണ്ടതുണ്ട്.
1780 ൽ ജെയിംസ് വാട്ട് സ്റ്റീം എഞ്ചിൻ കണ്ടുപിടിച്ചതിന് ശേഷം മൂന്ന് വ്യവസായിക വിപ്ലവങ്ങൾ ലോകത്ത് നടന്നു. നാലാമത്തെ വ്യവസായിക വിപ്ലവത്തിനാണ് ഇപ്പോൾ ലോകം സാക്ഷ്യം വഹിക്കുന്നത്. ഇത്തരം സാങ്കേതിക വിദ്യകൾ നമ്മുടെ ജീവിതത്തെയും ഉപജീവന മാർഗത്തേയും അതിവേഗം പരിവർത്തനം ചെയ്യുന്നു. ഇവ മനുഷ്യരെ യന്ത്രങ്ങളോട് കൂടുതൽ ബന്ധിപ്പിക്കുന്നു. ലോകത്താകമാനം 26 ലക്ഷം റോബോട്ടുകൾ ജോലി ചെയ്യുന്നുണ്ടെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ തന്നെ നമുക്ക് നാലാം വ്യാവസായിക വിപ്ലവത്തിന്‍റെ സ്വഭാവം മനസിലാക്കാൻ സാധിക്കും. ക്രിത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്), കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയുന്ന യന്ത്രങ്ങള്‍, കൂടുതല്‍ വികാസം പ്രാപിച്ച വ്യവസായിക സാമഗ്രികള്‍, ബയോടെക്‌നോളജി, ജനിതക പഠനങ്ങള്‍ എന്നിവ ലോകത്തിന്‍റെ മുഖം തന്നെ മാറ്റുന്നു. ബാങ്കുകളിലെ വിവിധ മേഖലകളിൽ ഇപ്പോൾ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ചു തുടങ്ങി. ബാങ്ക് വായ്പകൾ അനുവദിക്കുന്നതിന് മാനേജർമാരുടെ സ്ഥാനത്ത് ബിഗ് ഡാറ്റ അനലിറ്റിക്സാണ് ഉപയോഗിക്കുന്നത്.
ചില കമ്പനികളിൽ, മനുഷ്യ അഭിഭാഷകരെ മാറ്റി റോബോട്ട് അഭിഭാഷകരെ നിയമിച്ചു . ജീവനക്കാരുടെ ശമ്പള റിപ്പോർട്ടുകളും കമ്പനിയുടെ ബാലൻസ് ഷീറ്റുകളുമെല്ലാം യാന്ത്രികമാക്കി. യന്ത്രവത്കരിച്ചതോടെ കമ്പനികളുടെ ഉൽപാദനക്ഷമത, കാര്യക്ഷമത, ലാഭം എന്നിവയിൽ വൻ നേട്ടമാണ് ഉണ്ടാക്കുന്നത്. നാലാം വ്യവസായിക വിപ്ലവം, 2030 ഓടെ ലോക ജിഡിപിയിൽ 14 ശതമാനം വളർച്ചയാണ് ഉണ്ടാക്കാൻ പോകുന്നത് എന്നാണ് കണക്കുകൾ. ഈ വർധനവ് 15.7 ലക്ഷം കോടി ഡോളറിന് തുല്യമാണെന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) പറയുന്നു.
പൂർണമായും യന്ത്രവത്കരിക്കുന്നതോടെ നിരവധി മേഖലകളിലായി അമേരിക്കയിൽ 45 ശതമാനത്തോളം തൊഴിലുകള്‍ ഇല്ലാതാകും. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇവ പ്രാവർത്തികമാക്കാൻ സമയമെടുക്കും. 2030 ഓടെ ലോകമെമ്പാടുമുള്ള തൊഴിലാളികളിൽ 15 ശതമാനം ആളുകൾക്ക് ജോലി നഷ്ടപ്പെടുമെന്നാണ് മെക്കൻസിയുടെ റിപ്പോർട്ടുകൾ. യന്ത്രവത്കരണം നിരവധി ആളുകളുടെ ജോലി ഇല്ലാതാക്കിയാലും ഇതിന് പകരം പുതിയ തൊഴിൽ അവസരങ്ങൾ ലോകത്ത് സൃഷ്ടിക്കും. എന്നാൽ ഇത്തരം ജോലികളുടെ സ്വഭാവം ആർക്കും പ്രവചിക്കാൻ സാധിക്കില്ല. നിലവിലെ തൊഴിലാളികളിൽ 8-9 ശതമാനം പേർ ഈ പുതിയ ജോലികളുടെ ഭാഗമാകുമെന്ന് അനുമാനിക്കുന്നു. ഭാവിയിൽ ഫ്രീലാൻസ്, പാർട്ട് ടൈം ജോലികൾ മുഴുവൻ സമയ ജോലികളായി പുനഃസ്ഥാപിക്കുപ്പെടും. പച്ചക്കറികൾ ഡോർ ഡെലിവറി ചെയ്യുന്നവർ, മോട്ടോർ വാഹന ഡ്രൈവർമാർ, ലെഡ്ജർ അക്കൗണ്ടുകൾ എഴുതുന്നവർ എന്നിവരുടെ ആവശ്യം വർധിക്കും. വരും കാലങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ ഒരൊറ്റ പദ്ധതിയിൽ ഒരുമിച്ച് പ്രവർത്തിക്കും. ക്രമേണ, സംഘടിതവും അസംഘടിതവുമായ മേഖലകൾ തമ്മിലുള്ള അന്തരം ഇല്ലാതാകും.
ആഗോള വികസന ഗ്രൂപ്പിന്‍റെ കണക്കുകൾ അനുസരിച്ച് നിലവിൽ ലോകത്തൊട്ടാകെയുള്ള തൊഴിലാളികളുടെ എണ്ണം 350 കോടിയാണ്. ഇതിൽ മൂന്ന് ശതമാനം പേർ മാത്രമാണ് ഫ്രീലാൻസർമാരായി ജോലി ചെയ്യുന്നത്. സർഗ്ഗാത്മകതയ്ക്കും പുതുമയ്ക്കും പ്രാധാന്യം വർദ്ധിക്കുന്നതിനനുസരിച്ച്, റോബോട്ടുകൾ വിദഗ്ധ ജോലികൾ ഏറ്റെടുക്കും. ഭാവിയിലെ ജോലികളിൽ മുന്നേറുന്നതിന് ഇന്‍റലിജന്‍സ് ക്വാഷ്യന്‍റ് (ഐക്യു), ഇമോഷണൽ ക്വാഷ്യന്‍റ് (ഇക്യു) എന്നിവ പ്രധാനമാണ്. വിശകലനപരവും യുക്തിസഹവുമായ കഴിവുകൾ, വിമർശനാത്മക ചിന്ത, പ്രശ്‌നപരിഹാരം, തീരുമാനമെടുക്കൽ കഴിവുകൾ എന്നിവയുള്ളവർക്ക് മാത്രമെ തൊഴിൽ മേഖലയിൽ വിജയിക്കാനാകൂ. ക്രിയേറ്റീവ്, ടെക്നിക്കൽ, മാനേജ്മെന്‍റ് കഴിവുകൾ ഉള്ളവർ ഭാവിയിലെ ജോലികളിലും ബിസിനസുകളിലും ശോഭിക്കുമെന്ന് ഒഇസിഡി റിപ്പോർട്ട് വെളിപ്പെടുത്തി.
ഒരുകാലത്ത്, ഒരു സാങ്കേതിക കണ്ടുപിടിത്തത്തിന് പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും എടുത്തിരുന്നു, എന്നാൽ ഇപ്പോൾ ഇതിന് മാസങ്ങൾ മാത്രം മതി. അതു കൊണ്ട് തന്നെ പുതിയ ജോലികളുമായി മുന്നോട്ടുപോകുന്നതിന് കാലാകാലങ്ങളിൽ പുതിയ കഴിവുകൾ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഒരു വിദ്യാർത്ഥി എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കുമ്പോഴേക്കും പഴയ ജോലികൾ പുതിയ ജോലികളായി മാറ്റിസ്ഥാപിക്കപ്പെടും. അതുകൊണ്ടാണ് കോളേജിൽ പാഠ്യപദ്ധതികൾക്കൊപ്പം നൈപുണ്യപരമായ പ്രത്യേക കോഴ്സുകൾ ഉൾപ്പെടുത്തണമെന്നാവശ്യപ്പെടുന്നത്. യുവതലമുറ എല്ലായ്‌പ്പോഴും ഇതിനെ കുറിച്ച് ബോധവാന്മാരായിരിക്കണം. എന്നാൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പഴയ പാഠ്യപദ്ധതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. ടീച്ചർ പഠിപ്പിക്കുകയും വിദ്യാർഥി ശ്രദ്ധിക്കുകയും എന്ന രീതിയിൽ തന്നെയാണ് ഇന്നും പാഠ്യപദ്ധതി മുന്നോട്ട് പോകുന്നത്. ഒരു ക്ലാസ്സിൽ, ചില വിദ്യാർഥികൾ മറ്റുള്ളവരെക്കാൾ ബുദ്ധിമാനായിരിക്കും. ചില വിദ്യാർത്ഥികൾ മറ്റുള്ളവരെ അപേക്ഷിച്ച് ബുദ്ധി കുറവുള്ളവരായിരിക്കും. ചിലർ വേഗത്തിൽ പഠിക്കുമ്പോൾ ചിലർ മന്ദഗതിയിലുള്ള പഠിതാക്കളാണ്. എന്നാൽ വിദ്യാഭ്യാസ രീതികൾ വിദ്യാർത്ഥികളുടെ നിലവാരം അനുസരിച്ച് രൂപകൽപ്പന ചെയ്തിട്ടില്ല. എല്ലാ വിദ്യാർത്ഥിയും ഒരേ പരീക്ഷ എഴുതണം. ആശയം ഗ്രഹിച്ചവരെക്കാൾ മനഃ പാഠമാക്കിയവർക്ക് മാർക്ക് നൽകുന്നു. ഗുമസ്തന്മാരെയും ഫാക്ടറി തൊഴിലാളികളെയും സൃഷ്ടിക്കുന്നതിനായി ആദ്യത്തെ വ്യവസായിക വിപ്ലവകാലത്ത് രൂപകൽപ്പന ചെയ്തതാണ് നിലവിലെ പാഠ്യരീതി, ഇത് നാലാമത്തെ വ്യവസായിക വിപ്ലവത്തിന്‍റെ കാലഘട്ടത്തിൽ പ്രാവർത്തികമല്ല എന്നതാണ് സത്യം. സാങ്കേതിക മുന്നേറ്റത്തിന്‍റെ ഒപ്പമെത്താൻ അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ഓടണം. കോളജ് വിദ്യാഭ്യാസ സമ്പ്രദായം പതുക്കെ അപ്രത്യക്ഷമാകും. പാഠങ്ങൾ മുൻകൂട്ടി പഠിക്കുക, ഗ്രൂപ്പ് ചർച്ചകൾ, ടീം വർക്ക്, ഓൺലൈൻ വിദ്യാഭ്യാസം, മൾട്ടി-ഡൈമെൻഷണൽ ടീച്ചിങ് - ലേണിങ് എന്നിവയാകും ഇനി വരും ദിവസങ്ങിൽ വിദ്യാഭ്യാസത്തിന്‍റെ മാനദണ്ഡമാകുക. വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കഴിവുകൾ നേടിയെടുക്കുന്നതിലൂടെ, ഒരു വിദ്യാർത്ഥിക്ക് അധ്യാപകന്‍റെ കഴിവ് കൂടി സ്വായത്തമാക്കാൻ സാധിക്കും. ഇവരെ മുന്നിൽ നിന്ന് നയിക്കാൻ അധ്യാപകർ കൂടെയുണ്ടാകും.
ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ്, വെർച്വൽ റിയാലിറ്റി, ആഗ്‌മെന്‍റഡ് റിയാലിറ്റി എന്നിവ വിദ്യാഭ്യാസത്തിന്‍റെ രീതികൾ തന്നെ മാറ്റി മറിക്കും. വിദ്യാഭ്യാസം കേവലം തൊഴിലവസരങ്ങൾ ലക്ഷ്യം വയ്ക്കുന്നതിന് പകരം പരിഹാരം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നാലാം വ്യവസായിക വിപ്ലവം ഗുണകരമാകും. ഉന്നത പഠന കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളുടെ കഴിവുകളും താൽപ്പര്യങ്ങളും അടിസ്ഥാനമാക്കി വിദ്യാഭ്യാസ രീതികൾ നടപ്പിലാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാഠ്യ പദ്ധതിയെ വ്യവസായവും സമൂഹവുമായി യോജിപ്പിക്കുകയും അവരുടെ വിദ്യാർഥികൾക്ക് അനുയോജ്യമായ ഇന്‍റേണ്‍ഷിപ്പ് നൽകുകയും വേണം. സമയോചിതമായി കരിയർ ഉപദേശവും മാർഗനിർദേശവും നൽകണം. വിദ്യാർഥികൾക്ക് പഠിക്കുമ്പോൾ തന്നെ ജോലി ചെയ്യാൻ അവസരം നൽകണം. ജോലി ചെയ്യുന്ന വിദ്യാർഥികളെ വീണ്ടും ചേർക്കുന്നതിന് ഒരു വ്യവസ്ഥ ഉണ്ടാക്കണം. ശരിയായ കോഴ്സുകൾ പഠിക്കുകയും ജോലിയിൽ പ്രവേശിക്കുകയും, ആവശ്യം വന്നാൽ മറ്റ് കോഴ്സുകൾ പഠിക്കാൻ അനുവദിക്കുകയും ചെയ്യുന്നത് ഒരു മാനദണ്ഡമായി മാറണം. ഇതു തന്നെയാണ് നാലാം വ്യാവസായിക വിപ്ലവത്തിന്റെ സാരംശം.