ന്യൂഡൽഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും കർഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിനും കോൺഗ്രസ് വളരെ വലിയ വില നൽകേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. തിങ്കളാഴ്‌ച രാവിലെ ന്യൂഡൽഹിയിൽ ട്രാക്ടറിന് തീകൊളുത്തിയ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി കിരൺ റിജിജു.
തിങ്കളാഴ്‌ച രാവിലെ 20 ഓളം പഞ്ചാബ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാർലമെന്‍റ് പാസാക്കിയ കാർഷിക ബില്ലുകളിൽ ഇന്ത്യാ ഗേറ്റിന് സമീപം പ്രതിഷേധിച്ചതിനു പുറമെ ട്രാക്ടറിന് തീകൊളുത്തുകയുമായിരുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു.
സംഭവത്തിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. കോൺഗ്രസ് പ്രവർത്തകർ ട്രക്കിൽ ട്രാക്ടർ ഇന്ത്യാ ഗേറ്റിന് സമീപമെത്തിച്ച് തീകൊളുത്തിയെന്നും ഇത് കോൺഗ്രസിന്‍റെ നാടകമാണെന്നും ഇതിനാലാണ് ആളുകൾ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയതെന്നും ജാവദേക്കർ പറഞ്ഞു. അതേസമയം, ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്ടർ കത്തിച്ച കേസിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അടുത്തിടെ പാർലമെന്‍റ് അംഗീകരിക്കുകയും രാഷ്ട്രപതി രാം നാഥ് കോവിന്ദിന്‍റെ അനുമതി ലഭിക്കുകയും ചെയ്‌ത കർഷക ബില്ലുകൾക്കെതിരെയായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.