ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയെ കോണ്‍ഗ്രസ് സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി. വജ്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് യുകെ കോടതിയില്‍ വിചാരണ തുടരവെയാണ് ബിജെപിയുടെ ആരോപണം. മുതിര്‍ന്ന ബിജെപി നേതാവും നിയമ മന്ത്രിയുമായ രവി ശങ്കര്‍ പ്രസാദാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആരോപണവുമായി എത്തിയത്. മുംബൈ, അലഹബാദ് കോടതിയിലെ മുന്‍ ജഡ്ജിയായ അഭയ് തിപ്‌സെയാണ് നീരവ് മോദിക്ക് വേണ്ടി ഹാജരായ പ്രതിഭാഗം സാക്ഷി. നീരവ് മോദിക്കെതിരെ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ഇന്ത്യന്‍ നിയമപ്രകാരം നിലനില്‍ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അഭയ് തിപ്‌സെയ് 2018 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നുവെന്നും രാഹുല്‍ഗാന്ധിയെയും അശോക് ഗെലോട്ടിനെയും അശോക് ചവാനെയും കണ്ടിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസിന് വേണ്ടിയാണ് ജഡ്‌ജി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നീരവ് മോദിയെ ജാമ്യത്തിലിറക്കാനും രക്ഷിച്ചെടുക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെന്ന സംശയാസ്‌പദമായ സാഹചര്യങ്ങള്‍ നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎ സര്‍ക്കാരിന്‍റെ കാലത്താണ് നീരവ് മോദി ഇന്ത്യ വിട്ടതെങ്കിലും അദ്ദേഹം നടത്തിയ കുറ്റകൃത്യങ്ങള്‍ പലതും യുപിഎ ഭരണകാലത്തായിരുന്നുവെന്ന് രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദി സര്‍ക്കാരാണ് സ്വത്തുകള്‍ കണ്ടുകെട്ടി നീരവ് മോദിയെ ഇന്ത്യയിലെത്തിക്കുന്നതിനായി ശ്രമിക്കുന്നതെന്നും നിയമമന്ത്രി ആരോപിച്ചു. സ്‌കോട്‌ലന്‍റ് യാര്‍ഡ് 2019 മാര്‍ച്ച് 19നാണ് നീരവിനെ അറസ്റ്റ് ചെയ്യുന്നത്. നീരവ് മോദിയെ ഇന്ത്യയിലേക്ക് കൈമാറുന്നതിനുള്ള വിചാരണ നടക്കുന്നതിന് മുമ്പ് വാന്‍ഡ്‌സ്‌വര്‍ത് ജയിലിലായിരുന്നു അദ്ദേഹം. നീരവ് മോദിയുടെ ജാമ്യാപേക്ഷ പലവട്ടം യുകെ കോടതി തള്ളിയിരുന്നു.