ന്യൂഡൽഹി: മെഡിക്കൽ, എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷകളായ നീറ്റ്, ജെഇഇ നടത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി സമരത്തിനൊരുങ്ങി കോൺഗ്രസ്. കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന യൂണിറ്റുകൾ വെള്ളിയാഴ്ച രാവിലെ 11ന് സംസ്ഥാന, ജില്ലാ ആസ്ഥാനങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ഇൻ ചാർജ് കെ.സി വേണുഗോപാൽ പറഞ്ഞു. നാളെ രാവിലെ 10ന് '#SpeakUpForStudentSafety' എന്ന ഹാഷ്‌ടാഗിൽ ഓൺലൈൻ പ്രചാരണ വീഡിയോകൾ കോൺഗ്രസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കുവെക്കും.
കൊവിഡ് സാഹചര്യത്തിൽ രാജ്യത്തിലെ ലക്ഷ കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളുമാണ് പരീക്ഷകൾ മാറ്റിവെക്കാൻ ആവശ്യപ്പെടുന്നതെന്നും എന്നാൽ വിവേകശൂന്യവും ബുദ്ധിശൂന്യവുമായ കേന്ദ്രസർക്കാർ പരീക്ഷകൾ നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോവുകയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. സെപ്‌റ്റംബർ ഒന്ന് മുതൽ ആറ് വരെ ജെഇഇ പരീക്ഷകളും സെപ്‌റ്റംബർ 13ന് നീറ്റ് പരീക്ഷയുമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളിൽ നിന്നായി 11 വിദ്യാർഥികൾ കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി നിരസിക്കുകയായിരുന്നു. കൊവിഡ് സാഹചര്യം നിലനിൽക്കെ വിദ്യാർഥികൾക്ക് സെന്‍ററിലെത്തിച്ചേരുന്ന കാര്യത്തിലും അനശ്ചിതാവസ്ഥ നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥികൾ തങ്ങളുടെ ഭാവിയെപ്പറ്റിയും ആരോഗ്യത്തെപ്പറ്റിയും ആശങ്കാകുലരാണെന്നും കേന്ദ്ര സർക്കാർ എല്ലാവരെയും പരിഗണിച്ച് തീരുമാനം എടുക്കണമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
കോൺഗ്രസ് വിദ്യാർഥി സംഘടനയായ എൻഎസ്‌യുഐ ജെഇഇ, നീറ്റ് പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നുണ്ട്.