ബലാകോട്ടിൽ വ്യോമസേന നടത്തിയ മിന്നലാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് ഉയർത്തുന്ന ചോദ്യങ്ങൾക്ക് ശക്തമായ മറുപടിയുമായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ആക്രമണത്തിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണമറിയുന്നതിൽ കോൺഗ്രസ് നേതാക്കൾ വളരെ ശ്രദ്ധാലുക്കളാണെങ്കിൽ അയൽ രാജ്യത്തേക്ക് നേരിട്ട് പേയി എണ്ണിനോക്കൂവെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ദുബ്രിയിൽ ബിഎസ്എഫിനു വേണ്ടിയുളള ഒരു പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കൊല്ലപ്പെട്ടവരുടെ എണ്ണം അറിയിക്കമെന്നാണ് കോൺഗ്രസ് സുഹൃത്തുക്കൾ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾ പാകിസ്ഥാനിലേക്ക് പോകണം. അവിടെ ചെന്ന് അവരോട് ചോദിക്കൂ നമ്മുടെ വ്യോമസേനയുടെ ആക്രമണത്തിൽ എത്രപേർ കൊല്ലപ്പെട്ടെന്ന് 'സിങ് പറഞ്ഞു.വ്യോമസേന പാകിസ്ഥാനിലെ ജെയ്ഷെ മുഹമദ് ക്യാമ്പ് ആക്രമിച്ചതിനെ കേന്ദ്രസർക്കാറിന്‍റെ മികവായി ബിജെപി തെരഞ്ഞെടുപ്പ് റാലികളിൽ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ നേരത്തെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്നാഥ് സിങിന്‍റെ പ്രതികരണം.
വ്യോമാക്രമണത്തിൽ എത്രപേർ കൊല്ലപ്പെട്ടന്നാണ് മറ്റ് പാർട്ടി നേതാക്കൾ ചോദിക്കുന്നത്. എത്രപേർ മരണപ്പെട്ടെന്ന് പാകിസ്ഥാനും അവരുടെ നേതാക്കൾക്കുമറിയാം. അതോ ആക്രമണത്തിനുശേഷം വ്യോമസേനാംഗങ്ങൾ മൃതദേഹങ്ങളുടെ എണ്ണമെടുത്തു കൊണ്ട് വരണോ? എന്ത് തമാശയാണിതെന്നും അദ്ദേഹം ചോദിച്ചു.