ന്യൂഡൽഹി: കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസാക്കാൻ സാധ്യത. പ്രമേയത്തിന്‍റെ നിയമപരമായ സാധ്യകളെ പാർട്ടി വിലയിരുത്തുകയാണ്. വരുന്ന ആഴ്‌ചകളിൽ പ്രമേയം പാസാക്കാൻ സാധ്യതയുണ്ടെന്നും ദേശീയ ജനസംഖ്യ രജിസ്റ്റർ(എൻപിആർ) നിർത്തലാക്കുന്നത് പരിഗണിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നിയമസഭയിലെ അംഗത്തിന് മാത്രമാണ് പ്രമേയം മുന്നോട്ടുവെക്കാനുള്ള അധികാരമുള്ളത്.
കേരളം സിഎഎക്കെതിരെ പ്രമേയം പാസാക്കി. കൂടാതെ പശ്ചിമ ബംഗാൾ സർക്കാർ സിഎഎയ്ക്ക് എതിരാണെന്നും അറിയിച്ചു. സിഎഎയെ എതിർക്കുന്ന മുഖ്യമന്ത്രിമാരോട് എൻപിആർ നിർത്തലാക്കണമെന്നും തിങ്കളാഴ്‌ച നടന്ന പ്രതിപക്ഷയോഗം ആവശ്യപ്പെട്ടു.
എൻആർസിയുടെ അടിസ്ഥാനം എൻപിആറാണ്. എൻആർസി തങ്ങളുടെ സംസ്ഥാനങ്ങളിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച എല്ലാ മുഖ്യമന്ത്രിമാരും പ്രമേയം പാസാക്കുന്നതിന് മുന്നോടിയായി എൻപിആർ കണക്കാക്കുന്നത് നിർത്തലാക്കണെമന്നും പ്രമേയത്തിൽ പറയുന്നു.
കോൺഗ്രസ് വർക്കിങ് കമ്മിറ്റിയും സിഎഎക്കെതിരെ പ്രമേയം ഇറക്കിയിരുന്നു. നരേന്ദ്ര മോദി സർക്കാർ അവരുടെ ശക്തി ഉപയോഗിച്ച് രാജ്യത്തുടനീളമുള്ള വിദ്യാർഥികളുടെയും യുവാക്കളുടെയും ശബ്‌ദം അടിച്ചമർത്താൻ ശ്രമിക്കുകയാണ്. ഭരണഘടനയ്‌ക്കെതിരായ സംഘടിത ആക്രമണം, വ്യാപകമായ തൊഴിലില്ലായ്‌മ, വിദ്യാഭ്യാസമേഖലയിലെ വാണിജ്യവൽക്കരണം, ഫീസ് വർധനവ്, യുവാക്കളുടെയും വിദ്യാർഥികളുടെയും അഭിപ്രായത്തോടുള്ള അവഗണന എന്നിവ സർവകലാശാലകളിലെ പ്രതിഷേധം ശക്‌തമാക്കിയതായും കോണ്‍ഗ്രസ് വർക്കിങ് കമ്മറ്റിയില്‍ അഭിപ്രായം ഉയർന്നിരുന്നു.