ബെംഗളൂരു: കര്‍ണാടകയില്‍ സഖ്യ സര്‍ക്കാറിന് വീണ്ടും തിരിച്ചടിയേകി നിലപാട് മാറ്റി വിമത എംഎല്‍എ എം ടി ബി നാഗരാജ്. രാജി പിന്‍വലിച്ച് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് നാഗരാജ് ഇന്നലെ രാത്രി പറഞ്ഞിരുന്നു. എന്നാല്‍, ഇന്ന് രാവിലെ നിലപാട് മാറ്റി നാഗരാജ് മുംബൈക്ക് പോയി. താന്‍ കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിക്കുമെന്നായിരുന്നു നാഗരാജ് ഇന്നലെ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞത്. സിദ്ധരാമയ്യ, മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, ഡി കെ ശിവകുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നാഗരാജ് തന്‍റെ തീരുമാനം അറിയിച്ചത്.
എന്നാൽ ഇന്ന് രാവിലെ മുംബൈക്ക് തിരിച്ച വിമതൻ കെ സുധാകറിനൊപ്പം എംടിബി നാഗരാജും തിരികെപോയി. ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ആർ അശോകക്ക് ഒപ്പമാണ് എംടിബി നാഗരാജ് വിമാനത്താവളത്തിലെത്തിയത്. മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന മറ്റ് വിമത എംഎല്‍എമാര്‍ക്കൊപ്പം ചേരുമെന്നാണ് കരുതുന്നത്. വിശ്വാസവോട്ടിന് മുമ്പായി പരമാവധി എംഎല്‍എമാരെ ഒപ്പം നിര്‍ത്താന്‍ തീവ്ര ശ്രമം നടത്തുന്ന കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാറിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് എംഎല്‍എമാരുടെ പുതിയ തീരുമാനം.