ന്യൂഡൽഹി: പാകിസ്ഥാനോടും തീവ്രവാദികളോടും കോൺഗ്രസിന് മൃദു സമീപനമാണെന്ന് ബിജെപി വക്താവ് സാംബിത് പത്ര. ഡിഎസ്‌പി ദേവീന്ദർ സിംഗിന്‍റെ അറസ്റ്റിന്‍റെ പശ്ചാത്തലത്തില്‍ പുൽവാമ ആക്രമണം വീണ്ടും അന്വേഷിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. പുൽവാമയിൽ ഇത് വരെ നടത്തിയ കേന്ദ്ര ഇടപെടലുകളിലോ അന്വേഷണങ്ങളിലോ കോൺഗ്രസിന് സംശയങ്ങളുണ്ടോയെന്നും സാംബിത് പത്ര ചോദിച്ചു.
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനുമുമ്പ് ഇന്ത്യ പാകിസ്ഥാനിൽ നിന്നും ഐക്യരാഷ്ട്രസഭയിൽ നിന്നും അനുമതി വാങ്ങിയിട്ടുണ്ടോയെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് അംഗവുമായ അദിർ രഞ്ജൻ ചൗധരി ചോദിച്ചിരുന്നു. ഇവ വ്യർഥമായ ചോദ്യങ്ങളാണെന്നും ഇന്ത്യയെ വിമർശിക്കാൻ പാകിസ്ഥാന് കോൺഗ്രസ് അവസരം നൽകുകയാണെന്നും സാംബിത് പത്ര ആരോപിച്ചു. ഇന്ത്യയിലെ പാകിസ്ഥാൻ അനുകൂല രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസെന്നും മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാന് ക്ലീൻ ചിറ്റ് നൽകാനും കോൺഗ്രസ് ശ്രമം നടത്തിയെന്ന് സാംബിത് പത്ര ആരോപിച്ചു. അതേസമയം പണപ്പെരുവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ കോൺഗ്രസ് കാലത്ത് സാമ്പത്തിക രംഗം വളരെ മോശമായിരുന്നെന്ന ഉത്തരമാണ് ബിജെപി വക്താവ് നല്‍കിയത്.