ന്യൂഡൽഹി: ബിജെപി വീണ്ടും ആവർത്തിക്കാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം അറിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ബിജെപിക്കെതിരെ ശക്തമായ ഐക്യം പ്രഖ്യാപിച്ച് ഗുലാം നബി ആസാദ് രംഗത്തെത്തിയത്. പാറ്റ്നയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം. പ്രധാനമന്ത്രി സ്ഥാനം വേണമെന്ന് കോൺഗ്രസിന് നിർബന്ധമില്ല എന്നാൽ ബിജെപി അധികാരത്തിൽ വരുന്നത് തടയുകയാണ് കോൺഗ്രസിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ഗാന്ധിക്കെതിരായ പ്രസ്താവനകളിലൂടെ നരേന്ദ്ര മോദി രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത എല്ലാ രക്തസാക്ഷികളെയുമാണ് അവഹേളിച്ചത്. രാഹുല്‍ ഗാന്ധി വയനാട് നാല് ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഗുലാംനബി ആസാദ് പറഞ്ഞു. എല്ലാ പ്രതിപക്ഷ പാർട്ടികൾക്കിടയിലും കോൺഗ്രസിന് വേണ്ടി ധാരണയുണ്ടായാൽ നേതൃത്വം പാർട്ടി ഏറ്റെടുക്കും. സഖ്യനീക്കങ്ങളിൽ ചലനമുണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനമാണ് കോൺഗ്രസ് നടത്തിയിരിക്കുന്നത്.