ന്യൂഡൽഹി: രാജ്യസഭയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വിമർശിച്ച് കോൺഗ്രസ്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കാൻ യാതൊരു പ്രതിവിധിയും പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പറഞ്ഞിട്ടില്ലെന്നാണ് കോൺഗ്രസ് ആരോപിച്ചത്. കൂടാതെ നരേന്ദ്ര മോദിയുടെ പ്രസംഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കോൺഗ്രസ് കൂട്ടിചേർത്തു.
രാജ്യസഭയിലെ പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിൽ യാതൊരു അർഥവുമില്ലെന്ന് കോൺഗ്രസ് എംപി മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കാർഷിക നിയമങ്ങളിലെ കുറവിനെ വിശദീകരിച്ച കോൺഗ്രസിന്‍റെ നിർദേശത്തെ അദ്ദേഹം അവഗണിച്ചു. കർഷകരുടെ ആശങ്കകൾ അദ്ദേഹം നിരസിച്ചു. ഈ കർഷകരിലും ബിരുദധാരികളും ശാസ്ത്രജ്ഞരുമുണ്ട്. എന്നാൽ ആർക്കും ഒന്നും അറിയില്ലെന്ന് പ്രധാനമന്ത്രി പറയുന്നു. നമ്മൾ എല്ലാവരും വിഢികളാണോ എന്നും ഖാർഗെ ചോദിച്ചു.
അതേസമയം പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിച്ചു എന്നാണ് കോൺഗ്രസ് എംപി ശക്തിസിങ് ഗോഹിൽ പറഞ്ഞത്. കർഷക പ്രതിഷേധത്തിന്‍റെ ആഴം മനസിലാക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും കർഷകരുടെ പോരാട്ടത്തെ അവഗണിച്ചത് നിർഭാഗ്യകരമാണെന്നും പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ നിരാശയുണ്ടെന്നും കോൺഗ്രസ് എംപി ദീപെന്ദർ ഹൂഡ പറഞ്ഞു.
പ്രധാനമന്ത്രിയുടെ മറ്റൊരു രാഷ്ട്രീയ പ്രസംഗം മാത്രമായിരുന്നു ഇന്നത്തേതെന്നും ജിഡിപി ഇടിവ്, ഗാൽവാൻ താഴ്വരയിലെ പ്രശ്‌നങ്ങൾ, കർഷക പ്രതിഷേധം എന്നിവക്കൊക്കെ കാരണക്കാരനായ പ്രധാനമന്ത്രി ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചാൽ അദ്ദേഹത്തെ തങ്ങൾ പിന്തുണക്കുമെന്ന് കോൺഗ്രസ് നേതാവ് നസീർ ഹുസൈൻ പറഞ്ഞു.
ഭയം, വഞ്ചന, ഭീഷണിപ്പെടുത്തൽ എന്നിവ മാത്രം ഉപയോഗിച്ചുള്ള ഭരണമാണ് നരേന്ദ്ര മോദി സർക്കാരിന്‍റേതെന്ന് മുൻ കേന്ദ്രമന്ത്രി ജയറാം രമേശ് ട്വിറ്ററിലൂടെ പ്രതികരിച്ചു.