1. ഉത്തർപ്രദേശില്‍ കോണ്‍ഗ്രസ്സില്‍ നിന്നും അകന്നു പോയ ബ്രാഹ്മണ സമുദായത്തെ സംഘടിപ്പിക്കുവാന്‍ താങ്കള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള പ്രതികരണം എങ്ങനെയാണ്?
നല്ല പ്രതികരണമാണ് ഞങ്ങള്‍ക്ക് കിട്ടി കൊണ്ടിരിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപീകരിച്ച ബ്രാഹ്മൺ ചേതനാ പരിഷത്തിന്‍റെ ബാനറില്‍ നടക്കുന്ന ഒരു പക്ഷപാത രഹിതമായ നീക്കമാണ് ഇത്. അക്കാലത്തു തന്നെ ഞാന്‍ സമുദായ അംഗങ്ങളുമായി കൂടിക്കാണാന്‍ ആരംഭിച്ചിരുന്നു. ലോക്ക്ഡൗണ്‍ സംഭവിക്കുന്നതിനു തൊട്ടു മുന്‍പ് വരെയായി ഏതാണ്ട് 20 ജില്ലകളിലെ സമുദായ അംഗങ്ങളെ ഞാന്‍ കാണുകയുണ്ടായി. ബ്രാഹ്മണ സമുദായ അംഗങ്ങള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് വലിയ ഉല്‍കണ്ഠ ഉയര്‍ത്തിയിരുന്നു. മാത്രമല്ല, അവരോട് പക്ഷഭേദം കാട്ടുന്നു എന്ന ഒരു ധാരണയും ഉണ്ടായിരുന്നു. ഭരണകൂട പിന്തുണയോടെ നടക്കുന്നതാണ് അവയെന്ന് ഞാന്‍ പറയില്ല. പക്ഷെ അത്തരം കുറ്റകൃത്യങ്ങളില്‍ ഇരകളാകുന്നവരില്‍ നിരവധി പേര്‍ ബ്രാഹ്മണരാണ്. കുറ്റകൃത്യ രേഖകളില്‍ നിന്നും ഇത് തെളിയുന്നുമുണ്ട്. ഉദാഹരണത്തിന് പടിഞ്ഞാറന്‍ യുപിയിലെ മെയിന്‍പുരിയില്‍ നവോദയ വിദ്യാലയത്തിലെ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. ജില്ലാ മജിസ്‌ട്രേറ്റിനെയും പൊലീസ് സൂപ്രണ്ടിനേയും സ്ഥലം മാറ്റിയെങ്കിലും നടപടികള്‍ ഒന്നും എടുക്കുകയുണ്ടായില്ല. ഞാന്‍ ആ കുടുംബത്തെ പോയി കണ്ടിരുന്നു. പ്രിയങ്കാഗാന്ധി വാദ്രയും മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. അതുപോലെ കിഴക്കന്‍ യു പിയിലെ ബസ്തിയിലുള്ള കബീര്‍ തിവാരി എന്ന ആണ്‍കുട്ടി കൊല്ലപ്പെട്ടു. അവന്‍റെ കുടുംബം നീതി കിട്ടാതെ അലയുകയാണിപ്പോള്‍. ഝാന്‍സിയിലും ഇറ്റാവയിലും സുല്‍ത്താന്‍പൂരിലും എല്ലാം അത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
2. താങ്കള്‍ ഈ നീക്കത്തിലൂടെ എന്താണ് ലക്ഷ്യമിടുന്നത്?
സമുദായത്തെ ഒന്നിപ്പിച്ച് അവര്‍ക്കൊരു വേദി ഉണ്ടാക്കി കൊടുക്കുക എന്നുള്ളതാണ് എന്‍റെ ലക്ഷ്യം. ഇപ്പോള്‍ ഞാന്‍ അവരുമായി ഓണ്‍ലൈനില്‍ ഇടപഴകി കൊണ്ടിരിക്കുകയാണ്. ജില്ലാ തലത്തിലെ 30 ചര്‍ച്ചകള്‍ നടത്തുകയുണ്ടായി ഇതുവരെ. അടുത്ത മാസത്തിനുള്ളില്‍ ബാക്കിയുള്ള ജില്ലകളില്‍ കൂടി അത് നടത്തും. അനാഥമാക്കപ്പെട്ടതായി കരുതുന്നുണ്ട് ആ സമുദായം ഇപ്പോള്‍. അതിനാല്‍ ലക്‌നൗവില്‍ അല്ലെങ്കില്‍ ഡല്‍ഹിയില്‍ ആരെങ്കിലും ഒക്കെ അവരുടെ പരാതി കേള്‍ക്കുവാന്‍ ഉണ്ടെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കുവാന്‍ ശ്രമിക്കുകയാണ് ഞാന്‍. ഇന്ന് ഈ സമുദായത്തില്‍ മുഴുവന്‍ കുറ്റവാളികളാണെന്ന് ചിത്രീകരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. അത് സത്യമല്ല. ഇതിനു പുറമെ പൊതുജന പിന്തുണയില്ലാതെ രണ്ട് മാസത്തേക്ക് ഒരു മുന്നേറ്റവും നില നിര്‍ത്തി കൊണ്ടു പോകുവാന്‍ കഴിയില്ല എന്നും മനസ്സിലാക്കണം.
3. ഈ പ്രസ്ഥാനത്തെ പക്ഷപാത രഹിതം എന്ന് വിശേഷിപ്പിക്കുന്നു. പക്ഷെ അതിന് പിറകിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മണത്തറിയുവാന്‍ ജനങ്ങള്‍ക്ക് സ്വാഭാവികമായി കഴിയുന്നുണ്ട്. അതേകുറിച്ച് എന്തു പറയുന്നു?
യുപിയിലെ ബ്രാഹ്മണ നേതാവായി എന്നെ സ്വയം ഉയര്‍ത്തി കാട്ടുക എന്നുള്ളതല്ല എന്‍റെ ലക്ഷ്യം. പക്ഷെ രാഷ്ട്രീയക്കാര്‍ നടത്തുന്ന ഏതൊരു നീക്കവും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് മറ്റുള്ളവര്‍ പറയുമെന്നുള്ളത് സത്യം തന്നെയാണ്. പക്ഷെ ഇത് രാഷ്ട്രീയപരമായ വോട്ട് നേടുവാനുള്ള ഒരു നടപടിയല്ല. അതിനാല്‍ ഞങ്ങള്‍ അത് ബ്രാഹ്മിൺ ചേതനാ പരിഷത്തിന്‍റെ ബാനറിനു കീഴിലാണ് നടത്തി വരുന്നത്. ആരുടേയെങ്കിലും അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച്, ഈ സമുദായത്തിന്‍റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിലും ഉദ്യോഗസ്ഥ വൃന്ദത്തിലും ഈ സമുദായത്തിന് പ്രതീകാത്മക പ്രാതിനിധ്യം മാത്രമേയുള്ളൂ.
4. 2017ല്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി കൊണ്ട് 10 ശതമാനം വരുന്ന ബ്രാഹ്മണ സമുദായത്തെ പാട്ടിലാക്കുവാന്‍ കോണ്‍ഗ്രസ്സ് നടത്തിയ ശ്രമം പരാജയപ്പെട്ടു. 2022ലെ തെരഞ്ഞെടുപ്പിലും പാര്‍ട്ടി ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തി കാട്ടുമോ?
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തി കാട്ടുന്നത് തന്ത്രപരമായ ഒരു തീരുമാനമാണ്. അത് വേണമെന്ന് തോന്നുന്ന സമയത്ത് പാര്‍ട്ടി നേതൃത്വം തീരുമാനിക്കും. ഷീലാജിയെ 2017ല്‍ ഞങ്ങള്‍ ഉയര്‍ത്തി കാട്ടി. പക്ഷെ പിന്നീട് സമാജ് വാദി പാര്‍ട്ടിയുമായി ഒരു സഖ്യമുണ്ടായപ്പോള്‍ അവരുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയും ചെയ്തു. പക്ഷെ ആ സഖ്യം വിജയമായതുമില്ല.
5. യുപിയില്‍ പാര്‍ട്ടിയില്‍ നിന്നും അകന്നു പോയ പരമ്പരാഗത വോട്ടര്‍മാരായ ദളിതരേയും മുസ്ലീങ്ങളേയും പാട്ടിലാക്കി തിരിച്ചു കൊണ്ടു വരുവാനുള്ള പുതിയ നീക്കങ്ങള്‍?
ഞങ്ങള്‍ ക്രമസമാധാനവും, അടിസ്ഥാന സൗകര്യങ്ങളും, തൊഴിലും പോലുള്ള ജന ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളും സമൂഹത്തെ മൊത്തം സ്വാധീനിക്കുന്ന പ്രശ്‌നങ്ങളുമൊക്കെ വീണ്ടും ശ്രദ്ധയില്‍ കൊണ്ടു വരുവാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്.
6. 2017 യുപി നിയമസഭ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള കോണ്‍ഗ്രസ്സ്-എസ്പി സഖ്യം കനത്ത തോൽവി ഏറ്റുവാങ്ങി. 2022ല്‍ നിങ്ങള്‍ എസ്പിയുമായി കൈകോര്‍ക്കുമോ അതോ രാഷ്ട്രീയ ലോക്ക് ദളുമായി കൈകോര്‍ക്കുമോ?
ഒരു സഖ്യവും ഉണ്ടാക്കുകയില്ല ഞങ്ങള്‍. ഒറ്റക്ക് മത്സരിക്കുവാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. അതിന് വേഗത കൂട്ടി കൊണ്ടിരിക്കുകയാണ് ഞങ്ങള്‍. സംഘടന മൊത്തത്തില്‍ അഴിച്ചു പണിതു കഴിഞ്ഞു. ഞങ്ങള്‍ ഒറ്റക്ക് സര്‍ക്കാരിനെ നേരിട്ടു കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ്സ് ആണ് ഇന്ന് സംസ്ഥാനത്ത് ഏറ്റവും വ്യക്തമായി തെളിയുന്ന പ്രതിപക്ഷം.
7. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനു മുന്‍പ് ബിജെപി രാമക്ഷേത്ര പ്രശ്‌നം പ്രചാരണ ആയുധമാക്കി മാറ്റിയാല്‍ എന്തായിരിക്കും കോണ്‍ഗ്രസ്സിന് അതിനോടുള്ള പ്രതികരണം?
ആ പ്രശ്‌നത്തെ കുറിച്ച് ഞങ്ങളുടെ നേതാവ് പ്രിയങ്കാഗാന്ധി വാദ്ര പാര്‍ട്ടിയുടെ നിലപാട് എന്തെന്ന് വിശദീകരിക്കുന്ന ഒരു നീണ്ട പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. അതു തന്നെയാണ് പാര്‍ട്ടിയുടെ നയം. ഞങ്ങള്‍ ക്ഷേത്രത്തെ സ്വാഗതം ചെയ്യുന്നു.