ന്യുഡല്‍ഹി: അംബേദ്കര്‍ ജയന്തി രാജ്യവ്യാപകമായി ആഘോഷിക്കാന്‍ കോണ്‍ഗ്രസിന്‍റെ നിര്‍ദ്ദേശം. രാജ്യത്ത് കൊവിഡ്-19 മഹാമാരി പടരുന്ന സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് കഴിയാവുന്ന സഹായങ്ങള്‍ ചെയ്യണമെന്നും പാര്‍ട്ടി ദേശീയ ഘടകം ആവശ്യപ്പെട്ടു. ജില്ലാ ബ്ലോക്ക് തല കമ്മിറ്റികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനാണ് ആഹ്വാനം. പരിപാടികളില്‍ സാമൂഹ്യ അകലവും സുരക്ഷാ മുന്‍ കരുതലുകളും സ്വീകരിക്കണം.
ഇക്കാര്യം കാണിച്ച് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് നോട്ടീസ് നല്‍കി. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഏപ്രില്‍ 14ന് പരിപാടി സംഘടിപ്പിക്കാനാണ് നിര്‍ദ്ദേശം. രാജ്യം ലോക് ഡൗണിലാണ്. പലരും ഭക്ഷണം ലഭിക്കാതെ കുടുങ്ങി കിടക്കുകയാണ്. ഇവരെ സഹായിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണം.
ഭക്ഷണ വിതരണം അടക്കമുള്ള കാര്യങ്ങളില്‍ കൃത്യമായി ഇടപെടാന്‍ നേതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പാവങ്ങളെ സഹായിക്കുന്നതാണ് അംബേദ്കര്‍ ജയന്തി ദിനത്തില്‍ ചെയ്യാന്‍ കഴിയുന്ന മഹത്തായ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.