ന്യൂഡൽഹി: കോൺഗ്രസ് രാഷ്ട്രീയ അജണ്ടയ്ക്ക് അനുസൃതമായി കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാജ്യത്തിന് നാണക്കേട് സൃഷ്ടിക്കുകയാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. കാർഷിക ബില്ലിനെതിരായ പ്രക്ഷോഭത്തിന്‍റെ ഭാഗമായി ഇന്ത്യാ ഗേറ്റിന് സമീപം പഞ്ചാബ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രാക്ടറിന് തീകൊളുത്തിയതിന് പിന്നാലെയാണ് ജാവദേക്കറുടെ പ്രതികരണം.
ട്രാക്ടർ ഇന്ത്യ ഗേറ്റിലേക്ക് കൊണ്ടുവന്ന് തീകൊളുത്തിയത് നാടകമാണെന്നും കോൺഗ്രസ് പ്രതിഷേധം സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കനുസൃതമാക്കി മാറ്റുന്നു എന്നും ജാവദേക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ ഇപ്പോൾ ബിജെപി കൊണ്ട് വന്ന കർഷക ബില്ലും ഉണ്ടായിരുന്നു. എന്നാൽ വോട്ടെടുപ്പിന് കഴിഞ്ഞപ്പോൾ കോൺഗ്രസ് രണ്ട് മുഖങ്ങളുള്ള നയങ്ങളാണ് സ്വീകരിക്കുന്നത്. കോൺഗ്രസിന്‍റേത് ഏത് തരത്തിലുള്ള പ്രതിഷേധമാണ്?. അവിടെ കോൺഗ്രസ് ഒരു ട്രാക്ടർ കത്തിച്ച് മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. എന്നാൽ കോൺഗ്രസിന്‍റെ യഥാർത്ഥ മുഖം തുറന്നുകാട്ടിയതിന് താൻ മാധ്യമങ്ങളോട് നന്ദി പറയുന്നു എന്നും അദേഹം പറഞ്ഞു. പാർലമെന്‍റ് പാസാക്കിയ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് 20 ഓളം പഞ്ചാബ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ന്യൂഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ എത്തി ഒരു ട്രാക്ടറിന് തീകൊളുത്തിയിരുന്നു. ഇവർക്കെതിരെ കോസ് എടുത്തിട്ടുണ്ട്.