ഭോപാൽ: നിയമസഭാ ഉപതെരഞ്ഞെടുപ്പിന് ശേഷം മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽ നാഥ്. സംസ്ഥാനത്തെ 28 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകൾ നവംബർ 3ന് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കമൽനാഥിന്‍റെ പ്രസ്താവന.
സംസ്ഥാനത്തെ ആളുകളെയും വോട്ടർമാരെയും കുറിച്ച് എനിക്ക് പൂർണ വിശ്വാസമുണ്ട്. ജനങ്ങളെ കബളിപ്പിച്ച് അധികാരത്തിൽ വന്ന ബിജെപി സർക്കാരിന് കഴിഞ്ഞ ഏഴു മാസത്തിനിടയിൽ ഒരു മാറ്റവും വരുത്താൻ കഴിഞ്ഞില്ല. കർഷകർ ദുരിതത്തിലായി. തൊഴിലില്ലായ്മ വർധിച്ചു. ആളുകൾക്ക് ഇതൊക്കെ അറിയാമെന്നും കമൽ നാഥ് വെള്ളിയാഴ്ച പറഞ്ഞു.
സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്താൻ കോൺഗ്രസ് 28 സീറ്റുകളും വിജയിക്കണം. അതേസമയം, ബിജെപിയ്ക്ക് ഭൂരിപക്ഷം സ്വന്തമാക്കാൻ വെറും ഒമ്പത് സീറ്റുകൾ മാത്രം മതി. മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിൽ വോട്ടെടുപ്പ് നവംബർ മൂന്നിന് നടക്കും. നവംബർ 10ന് ഫലം പ്രഖ്യാപിക്കും. 25 എംഎൽഎമാരുടെ രാജിയും, മൂന്ന് എംഎൽഎമാർ മരിച്ചതിനെയും തുടർന്ന് 28 സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.