ന്യൂഡല്‍ഹി: ഈ മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹരിയാന മുൻ മുഖ്യമന്ത്രി ഭുപീന്ദര്‍ സിങ് ഹൂഡയും സോണിയാ ഗാന്ധിയുടെ വിശ്വസ്‌തൻ അഹമദ് പട്ടേലും പാര്‍ലമെന്‍റിന് പുറത്ത് ചൂടൻ സംവാദത്തില്‍. ഇരുവരും തര്‍ക്കിക്കുന്ന 38സെക്കൻഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
ഹൂഡയുടെ സംഭാഷണത്തോട് വളരെ പ്രകോപിതനായാണ് അഹമ്മദ് പട്ടേല്‍ പ്രതികരിക്കുന്നത്. തെരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ഇരുവര്‍ക്കുമിടയില്‍ നടക്കുന്നത്. വീഡിയോയില്‍ സീറ്റ് നിര്‍ണയമെങ്ങനെ ആണെന്നും സുര്‍ജേവാലയ്ക്ക് എത്ര സീറ്റ് കിട്ടിയെന്നും പട്ടേല്‍ ഹൂഡയോട് ചോദിക്കുന്നുണ്ട്. ഹരിയാനയില്‍ പാര്‍ട്ടി എങ്ങോട്ടാണ് പോയതെന്നും പട്ടേല്‍ ചോദിക്കുന്നു.
ഹരിയാന തെരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണയത്തിലെ അഴിമതി ആരോപിച്ച് ഹരിയാന മുൻ പിസിസി അധ്യക്ഷന്‍ അശോക് തൻവാര്‍ സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇരുവരും തര്‍ക്കിക്കുന്ന വീഡിയോ പുറത്തുവന്നത്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്‌തനായ തൻവാറിനെതിരെ നേരത്തെ ഹൂഡ രംഗത്തുവന്നിരുന്നു.