മുംബൈ : മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തി കോൺഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിഥ്വിരാജ് ചവാന്‍. ലോക്സഭാ തെരഞ്ഞെടുപ്പിലെ വീഴ്ചകൾ മറികടന്ന് കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രഥ്വിരാജ് ചവാൻ പ്രതികരിച്ചത്.
ദേവേന്ദ്ര ഫട്നാവിസ് സര്‍ക്കാരിനു പറ്റിയ വീഴ്‌ചകളിലാണ് കോൺഗ്രസ് കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍ അമിത് അഗ്‌നിഹോത്രിയുമായി നടന്ന അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് എറ്റവും ശക്തമായ നിയമസഭാ തെരഞ്ഞെടുപ്പിനെയാണ് നേരിടാന്‍ പോകുന്നത്. പാര്‍ട്ടിയുടെ വിജയസാധ്യത എങ്ങനെയാണ് താങ്കൾ വിലയിരുത്തുന്നത് ?
2019-ലെ ലോക്സഭ തെരഞ്ഞെടുപ്പ് ദേശീയ സുരക്ഷക്കും ദേശീയതയ്ക്കും വേണ്ടിയായിരുന്നു. പാകിസ്ഥാന്‍റെ കാര്യത്തില്‍ മെച്ചപ്പെട്ട തീരുമാനമാണ് എടുത്തതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നരേന്ദ്ര മോദിക്ക് കഴിഞ്ഞു. 1971-ല്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ബംഗ്ളാദേശിനെ സൃഷ്ടിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാകിസ്ഥാനെ പാഠം പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് ആ തലമുറയൊക്കെ പോയി. നമുക്കിന്ന് പുതിയ തലമുറയുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് പ്രാദേശിക പ്രശ്‌നങ്ങൾക്ക് വേണ്ടിയാണ്.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സഖ്യംചേരല്‍ കോൺഗ്രസിന് സഹായകമാകുമോ ?
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഞങ്ങൾ നാഷണലിസ്റ്റ് കോൺഗ്രസ് പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നില്ല. എന്നാല്‍ ഇത്തവണ ഞങ്ങൾ പല പാര്‍ട്ടികളുമായി ശക്തമായ ധാരണയുണ്ടാക്കിയിട്ടുണ്ട്. കൂടാതെ പ്രകാശ് അംബേദ്കറിന്‍റെ വന്‍ചിത് ബഹുജന്‍ അഗാതി പാര്‍ട്ടിക്കോ എഐഎംഐഎമ്മിനോ കോൺഗ്രസിന്‍റെ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താൻ കഴിയില്ല. അവര്‍ വേറിട്ടാകും മല്‍സരിക്കുക അതുകൊണ്ട് തന്നെ അവരുടെ വോട്ടുകളും ഒരുമിച്ചാകില്ല. ആയതിനാല്‍ കോൺഗ്രസിന് ഉണ്ടാകുന്ന നഷ്‌ടം വലുതാകില്ല. തെക്ക്-പടിഞ്ഞാറിലും വിദര്‍ഭ മേഖലലകളിലും കോൺഗ്രസിന് ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മെച്ചപ്പെട്ട അവസരമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്
കോൺഗ്രസും എന്‍സിപിയും സഖ്യം ചേരാനുള്ള സാധ്യതകൾക്ക് വഴിയൊരുക്കി കൊണ്ട് ഇരുപാര്‍ട്ടിയും ചേര്‍ന്ന് അജണ്ട അവതരിപ്പിച്ചിരുന്നു. അതില്‍ താങ്കൾക്ക് എന്താണ് പറയാനുള്ളത്. ?
അതൊക്കെ വെറും സംസാരം മാത്രമാണ്. സഖ്യം ചേരുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഗൗരവമായി ചര്‍ച്ച ചെയ്യുന്നത് തെരഞ്ഞെടുപ്പിന് ശേഷം അതിന്‍റെ ഫലത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും. നേതൃ തലത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ കഴിയുമോ എന്നതാണ് പ്രധാന വിഷയം. എന്‍സിപി കോൺഗ്രസില്‍ നിന്നും വേറിട്ടത് നേതൃ പ്രശ്‌നങ്ങൾ കൊണ്ടു മാത്രമാണ്.
കോൺഗ്രസിന് എത്ര സീറ്റ് കിട്ടുമെന്നാണ് കരുതുന്നത് ?
എനിക്കതിലൊരു നിഗമനം നടത്താന്‍ താല്‍പര്യമില്ല.
കോൺഗ്രസിന്‍റെ പ്രചരണം പ്രധാനമായും എന്തിലാണ് കേന്ദ്രീകരിക്കുന്നത് ?
ബിജെപി സര്‍ക്കാരിന്‍റെ വീഴ്‌ചകൾ, തൊഴിലില്ലായ്‌മ, കര്‍ഷകരുടെ ആത്മഹത്യ, ഫട്നാവിസ് സര്‍ക്കാരിലെ അഴിമതി പ്രശ്‌നങ്ങൾ എന്നിവയിലാകും കോൺഗ്രസ് കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുക. ബിജെപി സര്‍ക്കാര്‍ പ്രാദേശിക വിഷയങ്ങളില്‍ നിന്നും ഓടി ഒളിക്കുകയാണ്. കൂടാതെ കശ്മീരില്‍ ആര്‍ട്ടിക്കിൾ 370 റദ്ദാക്കുന്നത് ഉയര്‍ത്തികാട്ടി കൊണ്ട് ജനവികാരത്തെ പരിഗണിക്കാതിരിക്കുകയാണ്. നമ്മൾ ബ്രഡിനെയും ബട്ടറിനെയും പറ്റി സംസാരിക്കുമ്പോൾ അവര്‍ വൈകാരിക പ്രശ്‌നങ്ങളെ ഉയര്‍ത്തി കാട്ടും.
രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് പ്രചരണത്തിന് എത്തിയിട്ടുണ്ട്, അപ്പോൾ പാര്‍ട്ടി ചീഫായ സോണിയ ഗാന്ധിയും എത്തുമോ ?
വ്യക്തിപരമായി എനിക്ക് സംശയമാണ്, കാരണം ശാരീരീക പ്രശ്‌നങ്ങൾ ഉണ്ടെന്നും യാത്ര ചെയ്യാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്തും മുംബൈ യൂണിറ്റിലും നടക്കുന്ന ഉൾപ്പോരിനെപ്പറ്റി എന്താണ് പറയാനുള്ളത് ?
അഭിപ്രായങ്ങളില്‍ എന്തെങ്കിലും വ്യത്യാസം ഉള്ളതായി എനിക്ക് തോന്നുന്നില്ല.
മുംബൈ പ്രദേശത്ത് സീറ്റുകളുടെ എണ്ണം കൂട്ടാന്‍ എന്തെങ്കിലും പദ്ധതി ഉണ്ടോ?
റാലികളില്‍ പരമാവധി ആളുകളെ കൊണ്ടുവരാനാണ് ശ്രമം. എന്‍സിപിയുമായി ചേര്‍ന്ന് റാലി നടത്തിയിരുന്നെങ്കില്‍ നന്നായിരുന്നു. പക്ഷേ ഇരുപക്ഷത്തും അവരവരുടേതായ പ്രശ്‌നങ്ങളുണ്ട്.
താങ്കൾ മുഖ്യമന്ത്രിയായിരുന്ന കാലായളവിനെ വോട്ടര്‍മാരുമായി ബന്ധപ്പെടുന്നതിനായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് കരുതുന്നത്?
എന്‍റെ ഭരണകാലത്ത് മറാത്ത, മുസ്‌ലിം എന്നിവരുടെ റിസര്‍വേഷനും, പാവപ്പെട്ടവരുടെയും സ്‌ത്രീകളുടെ ശാക്തീകരണവുമായിരുന്നു പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ വോട്ടര്‍മാരുടെ മുന്നിലേക്ക് ഇതുതന്നെയാകും പറയുക.