ന്യൂഡൽഹി: 2008 ലെ ദേശീയ അന്വേഷണ ഏജൻസി ആക്ട് (എഎന്‍ഐഎ) ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്‌ഗഢ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാനങ്ങളുടെ പരമാധികാരത്തിനെതിരെയാണ് നിയമം എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമത്തെ ചോദ്യം ചെയ്യുന്ന ആദ്യത്തെ സംസ്ഥാനമാണ് ചത്തീസ്‌ഗഢ്.
ഭരണഘടനയുടെ ആർട്ടിക്കിൾ 131 പ്രകാരം പൗരത്വ ഭേദഗതി നിയമത്തെ കേരള സർക്കാർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നീക്കം. ഇന്ത്യയുടെ പരമാധികാരം, സുരക്ഷ, സമഗ്രത, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം, അന്താരാഷ്ട്ര ഉടമ്പടികൾ നടപ്പിലാക്കുന്നതിനുള്ള നിയമങ്ങൾ എന്നിവയെ ബാധിക്കുന്ന കുറ്റങ്ങൾക്ക് ആളുകളെ അന്വേഷിക്കാനും വിചാരണ ചെയ്യാനുമാണ് എഎൻഐഎ നിയമം 2008 ല്‍ നടപ്പാക്കിയത്.