ഹൈദരാബാദ്: 130 കോടി ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന് പറഞ്ഞ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.ഹനുമന്ത റാവു പരാതി നല്‍കി. ഡിസംബര്‍ 25ന് നടന്ന പൊതുയോഗത്തിലായിരുന്നു മോഹന്‍ ഭഗവതിന്‍റെ പ്രസ്താവന.
മതവും സംസ്‌കാരവും നോക്കാതെ ദേശീയതയുള്ളവരും ഭാരതത്തിന്‍റെ സംസ്‌കാരത്തെയും അതിന്‍റെ പൈതൃകത്തെയും ബഹുമാനിക്കുന്നവർ ഹിന്ദുക്കളാണെന്നും ആർഎസ്‌എസ് രാജ്യത്തെ 130 കോടി ജനങ്ങളെ ഹിന്ദുക്കളായി കണക്കാക്കുന്നുവെന്നുമായിരുന്നു പ്രസംഗത്തില്‍ പറഞ്ഞത്.
ഭഗവതിന്‍റെ പ്രസ്താവന മുസ്ലീംങ്ങള്‍, ക്രിസ്ത്യാനികൾ, സിഖുകാർ, പാർസികൾ തുടങ്ങിയവരുടെ വിശ്വാസത്തെയും മതവികാരങ്ങളെയും വ്രണപ്പെടുത്തുകയും ഇന്ത്യന്‍ ഭരണഘടനക്കും ഭരണകൂടത്തിനും വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
ഇത് പൊതുജനങ്ങൾക്കിടയിൽ സാമുദായിക സംഘർഷത്തിന് കാരണമാകുമെന്നും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്നും പരാതിയില്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവില്‍ നിന്നും പരാതി ലഭിച്ചെന്നും കേസ് രജിസ്റ്റര്‍ ചെയ്യണമോ എന്ന കാര്യത്തില്‍ നിയമപരമായ അഭിപ്രായം ആരായുകയാണെന്നും ഹൈദരാബാദ് പൊലീസ് വ്യക്തമാക്കി.