ഒഡീഷ: ആധുനിക യുഗത്തില്‍ കമ്പ്യൂട്ടറിന്‍റെ ആവശ്യം വർധിച്ചു വരികയാണ്. കമ്പ്യൂട്ടർ ഉപയോഗിക്കാത്ത ഒരു ദിനം പോലും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകില്ല. എന്നാല്‍ കമ്പ്യൂട്ടർ പരിജ്ഞാനം നേടുക അത്ര എളുപ്പമല്ല. അതിന് വര്‍ഷങ്ങൾ നീണ്ട പരിശ്രമം ആവശ്യമാണ്. എന്നാല്‍ ഏഴു വയസുള്ള ഒരു ആൺകുട്ടി കമ്പ്യൂട്ടറിലോ സോഫ്‌റ്റ്‌വെയർ പ്രോഗ്രാമിലോ വൈദഗ്‌ദ്ധ്യം നേടി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? വിശ്വസിച്ചേ പറ്റൂ എന്നാണ് ഒഡിഷയിലെ ബലംഗീര്‍ പട്ടണത്തില്‍ നിന്നുള്ള വെങ്കട്ട് രാമന്‍ പട്‌നായക് എന്ന ഏഴു വയസുകാരൻ കാണിച്ചു തരുന്നത്. ലോക പ്രശസ്‌ത സോഫ്‌റ്റ്‌വെയർ കമ്പനിയായ മൈക്രോസോഫ്‌റ്റിന്‍റെ എം.ടി.എ (മൈക്രോസോഫ്‌റ്റ് ടെക്‌നോളജി അസോസിയേറ്റ്) പരീക്ഷയിൽ വിജയിച്ച് ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ് ഈ കൊച്ചു പ്രതിഭ.
ബലംഗീര്‍ ജില്ലയുടെ തലസ്ഥാന നഗരത്തിലെ പാലസ് ലെയിനിലാണ് വെങ്കട്ട് രാമന്‍റെ വീട്. ഒരു ബാങ്കില്‍ ഇന്‍റർനെറ്റ് ഡൊമെയ്‌നിലാണ് അവന്‍റെ അച്ഛൻ ജോലി ചെയ്യുന്നത്. അമ്മ പടിഞ്ഞാറന്‍ ഒഡിഷയിലെ ഒരു ഊര്‍ജ്ജ വിതരണ കമ്പനിയായ വെസ്‌കോയിലെ ജീവനക്കാരിയുമാണ്. രണ്ടു വർഷം മുൻപാണ് വെങ്കട്ട് കമ്പ്യൂട്ടര്‍ കോഡിംഗിൽ താത്‌പര്യം കാണിച്ചു തുടങ്ങിയത് എന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. സോഫ്‌റ്റ്‌വെയർ പഠനത്തോടുള്ള മകന്‍റെ താത്‌പര്യം മനസിലാക്കിയ അച്ഛൻ അവനെ ബെംഗളൂരുവിലെ ഒരു ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ കോഡിംഗ് സ്‌കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു. എന്നാൽ ഒരു ഏഴു വയസുകാരന് എങ്ങനെ തങ്ങളുടെ സ്ഥാപനത്തില്‍ പ്രവേശനം നല്‍കും എന്ന ആശയകുഴപ്പത്തിലായി സ്‌കൂള്‍ അധികൃതര്‍. പക്ഷെ പ്രവേശന പരീക്ഷയിലെ അവന്റെ പ്രകടനം കണ്ടതോടെ ഈ അത്‌ഭുത ബാലന് പ്രവേശനം നിഷേധിക്കാൻ അവർക്ക് സാധിച്ചില്ല.
സാധാരണ സ്‌കൂൾ പഠനം തുടരുന്നതിനിടയിലാണ് വെങ്കട്ട് വീട്ടിലിരുന്ന് കമ്പ്യൂട്ടർ കോഡിംഗ് പഠിക്കാൻ തുടങ്ങിയത്. വെറും ആറ് വയസ് മാത്രം പ്രായമുള്ളപ്പോൾ തന്നെ 150 മൊബൈല്‍ ആപ്പുകള്‍ സൃഷ്‌ടിച്ചു കൊണ്ട് അവൻ എല്ലാവരെയും അദ്‌ഭുതപ്പെടുത്തി. ഇതിലൂടെ നിരവധി ലോകോത്തര സ്ഥാപനങ്ങളില്‍ നിന്നും അവനെ തേടി ഒട്ടേറെ സമ്മാനങ്ങളെത്തി.
മൈക്രോസോഫ്‌റ്റ് ടെക്‌നോളജി അസോസിയേറ്റ് പരീക്ഷയിൽ വിജയിച്ചതോടെ അവന്‍റെ പേര് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും എഴുതി ചേർക്കപ്പെട്ടു. സോഫ്‌റ്റ്‌വെയർ ടെക്‌നോളജിയെ കുറിച്ച് ആഴത്തില്‍ അറിയുന്നതിനായി ഇപ്പോഴും തന്‍റെ കഠിന ശ്രമങ്ങള്‍ തുടരുകയാണ് വെങ്കട്ട്. വാതക ചോര്‍ച്ച കണ്ടുപിടിക്കാനുള്ള ഒരു സോഫ്‌റ്റ്‌വെയറാണ് വെങ്കട്ടിന്‍റെ പുതിയ കണ്ടെത്തലുകളില്‍ ഒന്ന്. വീട്ടില്‍ പാചക വാതകം ചോര്‍ന്നാല്‍ ഉടന്‍ തന്നെ ഒരു മുന്നറിയിപ്പ് അലാറം മുഴങ്ങും . ഭാവിയിൽ ബഹിരാകാശ ശാസ്ത്രജ്ഞനാകുമെന്ന പ്രതീക്ഷയിലാണിന്ന് വെങ്കട്ട്.