റായ്‌പൂർ : കുട്ടികൾക്കെതിരായ ലൈംഗിക പീഡനക്കേസുകളിൽ രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കേന്ദ്ര മേഖലാ കൗൺസിലിന്‍റെ 22 -ാമത് യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പ്രധാൻ മന്ത്രി ഗ്രാമീണ്‍ സടക് യോജനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആഴത്തിലുള്ള പരിശോധന നടത്തണമെന്നും ഷാ നിർദ്ദേശിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും സമവായത്തോടെ പരിഹരിക്കപ്പെടുന്ന ഫലപ്രദമായ ഒരു വേദി കൂടിയാണ് കേന്ദ്ര മേഖലാ കൗൺസിലിന്‍റെ 22 -ാമത് യോഗമെന്നും അമിത് ഷാ പറഞ്ഞു.
സോണൽ കൗൺസിലിന്‍റെ പതിവ് മീറ്റിംഗുകളുടെ ആവശ്യകതയെക്കുറിച്ച് അമിത് ഷാ സംസാരിച്ചു. സംസ്ഥാനങ്ങൾ ഉന്നയിച്ച പ്രശ്‌നങ്ങൾ ഭരണഘടനാ ചട്ടക്കൂടിനും ഭരണപരമായ സാധ്യതകൾക്കും ഉള്ളിൽ കേന്ദ്രസർക്കാർ ഉചിതമായി പരിഗണിക്കുമെന്ന് എല്ലാ മുഖ്യമന്ത്രിമാർക്കും അദ്ദേഹം ഉറപ്പ് നൽകി. സിആർപിസി, ഐപിസി എന്നിവയുടെ സമഗ്ര ഭേദഗതികൾക്കായി നിർദ്ദേശങ്ങൾ അറിയിക്കണമെന്നും ഷാ എല്ലാ മുഖ്യമന്ത്രിമാർക്കും ഇതിനു മുമ്പ് നിർദ്ദേശം നൽകിയിരുന്നു.
ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വകുപ്പു തല മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. പ്രൈസ് സപ്പോർട്ട് സ്‌കീം (പിഎസ്‌എസ്) പ്രകാരം സംഭരിച്ച നാടൻ ധാന്യങ്ങൾ സ്വീകരിക്കുക, എൻഎസ്‌എപി (പെൻഷൻ) പദ്ധതി നടപ്പിലാക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള "സ്റ്റേറ്റ് ക്യാപ്" പരിഷ്‌കരിക്കുക തുടങ്ങി വിവിധ വിഷയങ്ങളിൽ കൗൺസിൽ ചർച്ച നടത്തി. വിവരസാങ്കേതിക നിയമത്തിലെ സെക്ഷൻ 78 ലെ ഭേദഗതി, ചില ജാതികളെയും ഗോത്രങ്ങളെയും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളായി പ്രഖ്യാപിക്കൽ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്‌തു.
അതിർത്തിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ, സുരക്ഷ, അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട് റോഡുകൾ, ഗതാഗതം, ജലം, വ്യവസായങ്ങൾ, വൈദ്യുതി തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്ന വിശാലമായ വിഷയങ്ങൾ സോണൽ കൗൺസിലുകൾ ചർച്ച ചെയ്യും. സംസ്ഥാനങ്ങളെ അഞ്ച് സോണുകളായി തിരിച്ചിട്ടുണ്ട്. ഓരോ സോണിനും കൗൺസിൽ ഉണ്ട്. മുഖ്യമന്ത്രി, രണ്ട് മന്ത്രിമാർ ഓരോ സംസ്ഥാനത്തിന്‍റെ മുഖ്യ സെക്രട്ടറി എന്നിവരടങ്ങുന്നതാണ് സോണൽ കൗൺസിൽ. മേഖലാ കൗൺസിലുകൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയാണ് നേതൃത്വം നൽകുന്നത്.