പാറ്റ്‌ന: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങിനെതിരെയും ചൈനീസ് അംബാസിഡർ സുൻ വെയ്‌ദോങിനെതിരെയും മുസാഫർപൂർ കോടതിയിൽ പരാതി. കൊവിഡ് 19 പടരാൻ ഇവരുടെ ഓഫീസ് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് അഭിഭാഷകൻ സുധീർ കുമാർ ഓജ പരാതി സമർപ്പിച്ചിരിക്കുന്നത്. പരാതിയിൽ ഏപ്രിൽ 11ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വാദം കേൾക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 17 വിദേശികളുൾപ്പെടെ 110 പേർക്ക് ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ചൈനീസ് നേതാക്കൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 ചൈനയിലെ വുഹാൻ നഗരത്തിൽ 2019 ഡിസംബറിലാണ് പൊട്ടിപ്പുറപ്പെട്ടത്. ശരവേഗത്തിലാണ് നൂറോളം രാജ്യങ്ങളിലേക്ക് രോഗം പടർന്നത്. ഒന്നരലക്ഷത്തിലധികം പേരെ ബാധിച്ച രോഗം അയ്യായിരത്തോളം പേരുടെ ജീവനെടുത്ത് കഴിഞ്ഞു.