ന്യൂഡൽഹി: ആസിഡ് ആക്രമണ കേസുകളിൽ മൂന്നിൽ രണ്ട് പേർക്കും നഷ്‌ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ദേശീയ വനിത കമ്മിഷൻ റിപ്പോർട്ട്. രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത 1,273 ആസിഡ് ആക്രമണ കേസുകളിൽ 799 കേസുകളിൽ ആക്രമണത്തിന് ഇരയായവർക്ക് നഷ്‌ടപരിഹാരം നൽകിയിട്ടില്ലെന്ന് എൻ.സി.ഡബ്ല്യു. നോഡൽ ഓഫിസർമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് വനിത കമ്മിഷൻ വിഷയം ഉന്നയിച്ചത്. സംഭവത്തിൽ അടിയന്തിര നടപടികൾ വേണമെന്ന് കമ്മിഷൻ അധ്യക്ഷ രേഖ ശർമ ആവശ്യപ്പെട്ടു.
വനിത കമ്മിഷനിൽ രജിസ്റ്റർ ചെയ്‌ത ആസിഡ് ആക്രമണ കേസുകളുമായി ബന്ധപ്പെട്ടുള്ള നടപടികൾ വിലയിരുത്താനാണ് കമ്മിഷൻ യോഗം വിളിച്ചു ചേർത്തത്. നഷ്‌ടപരിഹാരം കൃത്യമായി നൽകാത്ത നടപടിയിൽ കമ്മിഷൻ അധ്യക്ഷ രേഖ ശർമ അതൃപ്‌തി അറിയിച്ചു. ഒക്‌ടോബർ 20 വരെയുള്ള കണക്കുകളാണ് യോഗത്തിൽ പരിശോധിച്ചത്. കേസിൻ്റെ തീവ്രത അനുസരിച്ച് മൂന്ന് മുതൽ എട്ട് ലക്ഷം രൂപ വരെ നഷ്‌ടപരിഹാരം ലഭ്യമാക്കേണ്ടതാണ്. ആസിഡ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നവർക്ക് ചില സംസ്ഥാനങ്ങൾ വേണ്ടത്ര വൈദ്യചികിത്സയും സഹായവും നൽകിയിട്ടില്ലെന്നത് നിരാശാജനകമാണെന്നും വനിത കമ്മിഷൻ പറഞ്ഞു.
സംസ്‌ഥാനങ്ങൾ കൃത്യമായി കണക്കുകൾ കമ്മിഷന് മുൻപിൽ എത്തിക്കുന്നില്ലെന്ന വിമർശനം യോഗത്തിൽ ഉയർന്നിരുന്നു. ആക്രമണത്തിന് ഇരയായ സ്‌ത്രീകൾക്ക് കൃത്യമായ ചികിൽസ നൽകാൻ തയാറാവാത്ത സംസ്ഥാനങ്ങളുടെ നടപടിയും വിമർശനത്തിന് ഇടയാക്കി. ഇത്തരം കേസുകൾക്ക് മുൻഗണന നൽകാനും അന്വേഷണത്തിൽ കാലതാമസം ഒഴിവാക്കാനും നോഡൽ ഓഫിസർമാർ പൊലീസ് അധികാരികൾക്ക് നിർദേശം നൽകണമെന്നും എൻ.സി.ഡബ്ല്യു ആവശ്യപ്പെട്ടു. അതേസമയം സിക്കിം, തമിഴ്‌നാട്, ഗോവ (നോർത്ത് ഡിസ്ട്രിക്‌ട്), ജമ്മു കശ്‌മീർ, ദാദർ, നഗർ ഹവേലി, ദാമൻ, ഡിയു എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ 2020ൽ ആസിഡ് ആക്രമണ കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് അറിയിച്ചു.