ന്യൂഡൽഹി: കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം തുടരുന്നതിനിടെ സിംഗു അതിർത്തിയിൽ കർഷകരുടെ യോഗം പുരോഗമിക്കുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് കർഷകർ ഒരുമിച്ചിരുന്ന് ചർച്ച ചെയ്യുകയാണ്. ബുരാരി മൈതാനത്ത് പ്രതിഷേധിക്കാൻ കേന്ദ്രം അനുമതി നൽകിയെങ്കിലും അതിർത്തിയിൽ നിന്ന് ബുരാരിയിലേക്ക് പോകുന്നത് സംബന്ധിച്ച് കർഷകർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതിനാൽ തന്നെ, കർഷകരുടെ ഈ കൂടിക്കാഴ്‌ച വളരെ നിർണായകമാണ്.
യോഗത്തിനിടെ കർഷകർ "ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുക", "ഞങ്ങൾ തിരികെ പോകില്ല" എന്ന തരത്തിൽ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്‌തു.
വാഹനങ്ങൾ ലഭ്യമല്ലാത്തതിനാൽ തന്നെ കാൽനടയായി യാത്ര ചെയ്യേണ്ട സാഹചര്യമാണുള്ളത്. ഗതാഗാത കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ തിഗ്രി അതിർത്തി അടച്ചു. ഹരിയാനയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ധൻസ, ജറോഡ, ബദുസാരി, രാജോക്രി എൻഎച്ച് 8, പാലം വിഹാർ, ദുണ്ടഹേര എന്നീ അതിർത്തികൾ തുറന്നുകൊടുത്തിട്ടുണ്ട്.
അതേസമയം,കേന്ദ്രം പാസാക്കിയ കാർഷിക നിയമത്തിനെതിരെയുള്ള കർഷകരുടെ പ്രതിഷേധം നാലാം ദിവസത്തിലും ശക്തമാകുകയാണ്. പ്രതിഷേധം സംബന്ധിച്ച് കർഷകരുടെ ചർച്ച തുടരുന്നു. ഇതേ തുടർന്ന്, ഡൽഹി- ഹരിയാന അതിർത്തിയിലെ സുരക്ഷയും വർധിപ്പിച്ചു. ചർച്ചക്ക് തയ്യാറാണെന്ന് അറിയിച്ച സർക്കാർ നിബന്ധനയുമായല്ല, തുറന്ന ഹൃദയവുമായാണ് വരേണ്ടതെന്ന് കർഷകർ പറയുന്നു. ഹരിയാന- പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നത്.