ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങൾക്കും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ ചർച്ച നടത്തിയ ശേഷം സമൂഹമാധ്യമങ്ങൾ സ്വയം പെരുമാറ്റച്ചട്ടം തയ്യാറാക്കുകയായിരുന്നു.ട്വിറ്റർ, ഫേസ്ബുക്ക്, വാട്സാപ്പ്, ടിക് ടോക് തുടങ്ങിയ സമൂഹമാധ്യമളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് പെരുമാറ്റ ചട്ടം രൂപീകരിക്കാൻ തീരുമാനമായത്. ചൊവ്വാഴ്ച നടന്ന ചർച്ചയിൽ കമ്പനികൾ സ്വയം തയ്യാറാക്കിയ ചട്ടം തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു.
പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ആലോചനകൾക്കായി കമ്പനികൾ ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും. സമൂഹമാധ്യമങ്ങളിൽ പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയിൽപെട്ടാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കും.മൂന്നു മണിക്കൂറിനുള്ളിൽ ഇക്കാര്യത്തിൽ നടപടി എടുക്കും.
സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിനും പരസ്യങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾ കമ്മീഷന്‍റെ മുൻകൂർ അനുമതി വാങ്ങണം. നിശബ്ദ പ്രചാരണ സമയത്ത് സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള പ്രചാരണം തടയും തുടങ്ങിയവയാണ് പ്രധാനമായും പെരുമാറ്റച്ചട്ടത്തിൽ പറയുന്നത്.സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വരുന്ന വാർത്തകൾ നിരീക്ഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.