ന്യൂഡല്‍ഹി: 2020 ലെ ബാങ്കിംഗ് റെഗുലേഷൻ (ഭേദഗതി) ഓർഡിനൻസ് പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഒപ്പുവച്ചു. അര്‍ബന്‍ സഹകരണ ബാങ്കുകളും മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും ആര്‍ബിഐ നിയമങ്ങള്‍ക്ക് വിധേയമാക്കുന്ന ഓര്‍ഡിനന്‍സാണ് പ്രാബല്യത്തിൽ വരുന്നത്.
നിക്ഷേപകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത മുൻനിർത്തി രാഷ്ട്രപതി 2020 ലെ ബാങ്കിംഗ് റെഗുലേഷൻ (ഭേദഗതി) ഓർഡിനൻസ് ഒപ്പുവയ്ക്കുകയായിരുന്നു. നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനും ഓർഡിനൻസ് സഹായകമാകും. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്റ്റ് സെക്ഷൻ 45 ആണ് ഭേദഗതി ചെയ്തത്. ഓർഡിനൻസ് സംസ്ഥാന സഹകരണ നിയമങ്ങൾക്ക് കീഴിലുള്ള സഹകരണ സംഘങ്ങളുടെ സ്റ്റേറ്റ് രജിസ്ട്രാരുടെ നിലവിലുള്ള അധികാരങ്ങളെ ബാധിക്കില്ല. പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റികൾക്കോ (പിഎസിഎസ്) സഹകരണ സംഘങ്ങൾക്കോ ഇത് ബാധകമല്ല.
പ്രധാനമായും അര്‍ബന്‍ സഹകരണ ബാങ്കുകളെയാണ് ഓര്‍ഡിനന്‍സ് ബാധിക്കുക. ഇതുവഴി 1482 അര്‍ബന്‍ സഹകരണ ബാങ്കുകള്‍, 58 മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകള്‍ എന്നിവ റിസര്‍വ് ബാങ്കിന്‍റെ കീഴിലാകും. 2020ലെ ബജറ്റില്‍ സഹകരണബാങ്കുകളെ റിസര്‍വ് ബാങ്കിന് കീഴില്‍ കൊണ്ടുവരാന്‍ പദ്ധതി രൂപീകരിക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. ഈ ഓര്‍ഡിനന്‍സ് ബില്ലായി പാര്‍ലമെന്‍റിന്‍റെ ബജറ്റ് സെഷനില്‍ അവതരിപ്പിച്ചെങ്കിലും സര്‍ക്കാരിന് ഇത് പാസ്സാക്കിയെടുക്കാനായില്ല.
സഹകരണ ബാങ്കുകളില്‍ 8.6 കോടി ആളുകള്‍ക്ക് 4.84 ലക്ഷം കോടിയുടെ നിക്ഷേപമാണ് ഉള്ളത്. ഇതിന്‍റെ നിയന്ത്രണാധികാരം പൂര്‍ണമായും റിസര്‍വ് ബാങ്കിലേക്ക് പോകും. ഇതൊടെ മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്ക് വിധേയമാകും. കിട്ടാക്കടം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നേരിട്ട് റിസര്‍വ് ബാങ്ക് പരിശോധിക്കും. സമീപകാലത്തായി ചില സംസ്ഥാനങ്ങളില്‍ സഹകരണ ബാങ്കുകളിലുണ്ടായ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്.