മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുൾപ്പെടെ ഒമ്പത് പേര്‍ നിയമസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ശിവസേനയിലെ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണല്‍ നീലം ഗോര്‍ഹെ, ബിജെപിയുടെ രഞ്ചിത്ത്‌സിന്‍ മോഹിത് പട്ടേല്‍, ഗോപീചന്ദ് പഡാല്‍കര്‍, പ്രവീണ്‍ ദഡ്കെ, രമേഷ് കരട് എന്നിവരും എന്‍സിപിയുടെ ശശികാന്ദ് ഷിന്‍ഡെ, അമോല്‍ മിത്‌കരി കോണ്‍ഗ്രസിലെ രാജേഷ് റാത്തോഡ് എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് അവസാനിച്ചതിനെത്തുടർന്നാണ് ഫലം പ്രഖ്യാപിച്ചത്. നിയമസഭാംഗമായി ആദ്യമായി തെരഞ്ഞെടുക്കപ്പെടുകയാണ് 59കാരനായ ഉദ്ദവ് താക്കറെ. മുഖ്യമന്ത്രിയായി കഴിഞ്ഞ വര്‍ഷം നവംബര്‍ 28നാണ് അദ്ദേഹം അധികാരമേറ്റത്. നിയമസഭയുടെ ഇരുസഭകളിലും മെയ് 27ന് മുമ്പ് അദ്ദേഹം നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടേണ്ടിയിരുന്നു.