ജയ്പൂർ: കൊവിഡ് അവബോധം സൃഷ്ടിക്കുന്നതിനായി ക്യാമ്പയിൻ നടത്തുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജൂൺ 22 മുതൽ ജൂൺ 30 വരെ നടക്കുന്ന ക്യാമ്പയിനിൽ 11,500 ഗ്രാമപഞ്ചായത്തുകളെ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. വൈറസിനെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കി വീണ്ടെടുക്കൽ നിരക്ക് മെച്ചപ്പെടുകയും മരണനിരക്ക് കുറയുകയും ചെയ്യുകയാണ് ക്യാമ്പയിനിന്‍റെ ലക്ഷ്യം. കൊവിഡ് പ്രതിരോധത്തിനായി സാധാരണക്കാരിൽ അവബോധം സൃഷ്ടിക്കാൻ വിപുലമായ പ്രചാരണ പരിപാടി ആരംഭിച്ച ആദ്യ സംസ്ഥാനമാണ് രാജസ്ഥാൻ.
മാസ്ക് ധരിക്കുക, രണ്ട് യാർഡ് അകലം പാലിക്കുക, കൈ കഴുകുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ പരിശോധന നടത്തുക, മുൻകരുതൽ നടപടികൾ സ്വീകരിക്കുക എന്നിവ പാലിക്കാൻ ക്യാമ്പയിനിലൂടെ ജനങ്ങളെ സജ്ജരാക്കും. രാജസ്ഥാനിലെ വീണ്ടെടുക്കൽ നിരക്ക് 77 ശതമാനത്തിലധികമാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. സംസ്ഥാനത്തെ മരണനിരക്ക് 2.32 ശതമാനമാണ്. ഇത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിചേർത്തു.