ഭുവനേശ്വർ: കൊവിഡ് -19 വാക്സിന്‍റെ ക്ലിനിക്കൽ പരീക്ഷണത്തിന് മുന്നോടിയായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലും എസ്‌യുഎം ആശുപത്രിയിലും പ്രിവന്‍റീവ്, ചികിത്സാ ക്ലിനിക്കൽ ട്രയൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. കൊവിഡ്-19 നെതിരെ വികസിപ്പിച്ച ആദ്യത്തെ തദ്ദേശീയ വാക്സിൻ ആണ് കോവാക്സിൻ. പൂനെയിലെ ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) വേർതിരിച്ചെടുത്ത സാർസ് കോവിന്‍റെ അംശങ്ങളിൽ നിന്നാണ് ഇത് വികസിപ്പിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), ഭാരത് ബയോടെക് എന്നിവ സംയുക്തമായി വാക്സിന്‍റെ പ്രീ ക്ലിനിക്കൽ, ക്ലിനിക്കൽ വികസനത്തിനായി പ്രവർത്തിക്കുന്നു. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) ഘട്ടം -1, ഘട്ടം II പരീക്ഷണങ്ങൾക്ക് ഇതിനകം അനുമതി നൽകിയിട്ടുണ്ട്.
ജൂലൈ 22 മുതൽ ആരംഭിക്കുന്ന മനുഷ്യ പരീക്ഷണത്തിന്‍റെ ആദ്യ ഘട്ടത്തിലേക്ക് 30-40 ഓളം പരീക്ഷാർത്ഥികളെ തെരഞ്ഞെടുക്കുമെന്ന് ഭുവനേശ്വർ ഐ.എം.എസ്, എസ്‌യുഎം ഹോസ്പിറ്റൽ ഡീൻ പ്രൊഫസർ ജി സാഹു മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇവരെ നിരന്തരം നിരീക്ഷിക്കും. സമ്പർക്കം പുലർത്തും. വാക്സിനേഷൻ പ്രവർത്തിക്കുന്നതായി കണ്ടെത്തിയാൽ അവരുടെ രക്തത്തിലെ ആന്‍റിബോഡി നില പരിശോധിക്കും. രാജ്യത്ത് വർദ്ധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത് കൊവിഡിനുള്ള എല്ലാ മുൻകരുതലുകളും കർശനമായി പാലിക്കുമെന്നും ഡീൻ പറഞ്ഞു.
ഗുണനിലവാരം, ധാർമ്മികത, രോഗികളുടെ സുരക്ഷ, രഹസ്യാത്മകത എന്നിവയുടെ പരിപാലനത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങൾ അംഗീകരിച്ച അന്വേഷണ മരുന്നുകളും തന്മാത്രകളും ഉൾപ്പെടുന്ന ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നു. ഈ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആരോഗ്യമുള്ള സന്നദ്ധ പ്രവർത്തകർക്ക് http://ptctu.soa.ac.in/ വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ +91 89172 11214 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് വഴി ബന്ധപ്പെടാമെന്ന് വാക്സിൻ ട്രയലുകളിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. ഇ. വെങ്കട്ട് റാവു പറഞ്ഞു.