മുംബൈ: റഷ്യയുടെ സ്‌പുട്‌നിക് ഫൈവ് കൊവിഡ് വാക്‌സിന്‍റെ മനുഷ്യരിലുള്ള രണ്ടാംഘട്ട പരീക്ഷണത്തിന് പൂനെയില്‍ 17 വളണ്ടിയര്‍മാരെ നിയോഗിച്ചു. ഗമാലേയ നാഷണൽ റിസർച്ച് സെന്‍റർ ഓഫ് എപ്പിഡെമിയോളജി ആന്‍റ് മൈക്രോബയോളജിയും റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്‌മെന്‍റ് ഫണ്ടും ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മിക്കുന്നത്.
റഷ്യയില്‍ നിന്നും 100 മില്യണ്‍ ഡോസ് വാക്‌സിന്‍ ഇന്ത്യ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കുത്തിവെപ്പ് വ്യാഴാഴ്‌ച മുതല്‍ ആരംഭിച്ചതായും അതിന് ശേഷം വളണ്ടിയര്‍മാര്‍ കുറച്ച് ദിവസം നിരീക്ഷണത്തിലായിരിക്കുമെന്നും നോബല്‍ ആശുപത്രിയിലെ ക്ലിനിക്കല്‍ റിസര്‍ച്ച് വിഭാഗം മേധാവി ഡോ.എസ്.കെ റൗത്ത് പറഞ്ഞു. പൂര്‍ണ ആരോഗ്യവാന്മാരായ വളണ്ടിയര്‍മാരെയാണ് വാക്‌സിന്‍ പരീക്ഷണത്തിനായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പൂനെയിലെ കെഇഎം ആശുപത്രിയില്‍ മൂന്നാം ഘട്ട വാക്‌സിന്‍ പരീക്ഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
പൂനെയ്‌ക്ക് പുറമേ ലക്‌നൗ, കാണ്‍പൂര്‍, ജയ്‌പൂര്‍, വെല്ലൂര്‍, മൈസൂര്‍, പുതുച്ചേരി എന്നിവിടങ്ങളിലും വാക്‌സിന്‍ പരീക്ഷണം നടക്കും. ഡോ.റെഡ്ഡീസ് ലബോറട്ടറിസ് ലിമിറ്റഡും സ്‌പുട്‌നിക് എല്‍എല്‍സിയും ചേര്‍ന്നാണ് പരീക്ഷണം സംഘടിപ്പിക്കുന്നത്.