ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തി വന്നിരുന്ന ഷഹീൻ ബാഗ് സമരക്കാരെ ഡൽഹി പൊലീസ് ചൊവ്വാഴ്ച ഒഴുപ്പിച്ചിരുന്നു. ഇതിന് പിന്നില്‍ ജയ പരാജയങ്ങളുടെ കണക്കില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സംഘം സമരക്കാരെ അറിയിച്ചു. സമരം അവസാനിച്ചത് തോല്‍വിയായി കണക്കാക്കേണ്ടതില്ലെന്നും രാജ്യത്ത് കൊവിഡ് എന്ന മഹാമാരി വ്യാപിക്കുന്ന സാഹചര്യത്തില്‍ സമരക്കാര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് നീങ്ങുന്നതാണ് നല്ലതെന്നും മുതിർന്ന അഭിഭാഷകരായ സാധ്‌ന രാംചന്ദ്രനും സഞ്ജയ് ഹെഡ്ജും സമരക്കാരോട് അഭ്യര്‍ഥിച്ചു.
ഡല്‍ഹിയില്‍ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമരക്കാരെ പൊലീസ് ഒഴിപ്പിച്ചത്. ലോക്ക് ഡൗണ്‍ സമയത്ത് "നിയമവിരുദ്ധമായ അസംബ്ലി" നടത്തിയതിന് ചില പ്രതിഷേധക്കാരെയും കസ്റ്റഡിയിലെടുത്തതായി ഡിസിപി സൗത്ത്-ഈസ്റ്റ് ഡിസ്ട്രിക്റ്റ് ആർപി മീന അറിയിച്ചിരുന്നു. ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ തിങ്കളാഴ്ച രാവിലെ 6 മുതൽ മാർച്ച് 31 അർധരാത്രി വരെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.