ന്യൂഡൽഹി: ദീർഘകാലമായി മുടങ്ങി കിടക്കുന്ന ശമ്പളം നൽകണമെന്നും എയർ ഇന്ത്യയിൽ നിന്ന് വിരമിക്കാൻ അനുവദിക്കണമെന്നും ഇന്ത്യൻ കൊമേഴ്‌സ്യൽ പൈലറ്റ് അസോസിയേഷൻ, സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഈ മാസം എട്ടിന് നടന്ന ഇന്ത്യൻ പൈലറ്റ്സ് ഗിൽഡ്, ഇന്ത്യൻ കൊമേഴ്‌സ്യൽ പൈലറ്റ് അസോസിയേഷൻ, സിഎംഡി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. കൊവിഡ് പ്രതിരോധ ഘട്ടങ്ങളിൽ എയർ ഇന്ത്യയിലെ മുൻനിര ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചതിനെ പൈലറ്റ് അസോസിയേഷൻ അപലപിച്ചു. എയർ ഇന്ത്യയിലെ ഓരോ ജീവനക്കാരന്‍റെയും ആകെ ശമ്പളത്തിന്‍റെ ഒരു ശതമാനം വെട്ടിക്കുറച്ചതിൽ സിഎംഡിയെ പിന്തുണച്ചതായും പൈലറ്റ് അസോസിയേഷൻ പറഞ്ഞു.
ഓരോ മാസവും ശമ്പളമില്ലാതെ നിർബന്ധിത അവധി നൽകണമെന്നും പൈലറ്റുമാർ ആവശ്യപ്പെട്ടു. ഇത് സാധ്യമല്ലെങ്കിൽ, പൈലറ്റുമാരുടെ മുടങ്ങി കിടക്കുന്ന ശമ്പളത്തിന്‍റെ 25 ശതമാനം അടിയന്തരമായി നൽകാനും എയർ ഇന്ത്യയിൽ നിന്ന് വിരമിക്കാൻ അനുവദിക്കണമെന്നും സംഘടന അറിയിച്ചു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ ഒരു പ്രക്ഷോഭത്തിലേക്ക് നയിക്കരുതെന്നും സംഘടന അഭ്യർഥിച്ചു. ഈ മാസം 13ന് അടുത്ത യോഗം ചേരാനാണ് തീരുമാനം. തൊഴിൽ സംബന്ധമായ നടപടികളെക്കുറിച്ചുള്ള അസോസിയേഷന്‍റെ കത്തിനെ സിവിൽ ഏവിയേഷൻ മന്ത്രാലയം അധികൃതർ അഭിനന്ദിച്ചു. എയർ ഇന്ത്യയുടെ നിലനിൽപ്പ് ഉറപ്പാക്കാൻ പൈലറ്റുമാരുടെ പിന്തുണ ആവശ്യമാണെന്നും മന്ത്രാലയം അറിയിച്ചു.