ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെയുള്ള ലൈംഗികാരോപണ അന്വേഷണത്തിൽ ജഡ്ജിമാർ എതിര്‍പ്പ് അറിയിച്ചെന്ന വാര്‍ത്ത നിഷേധിച്ച് സുപ്രീംകോടതി. പരാതിക്കാരിയുടെ അസാന്നിധ്യത്തിൽ അന്വേഷണം പാടില്ലെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും റോഹിന്‍റൻ നരിമാനും ആഭ്യന്തര സമിതിക്ക് മുന്നിൽ ആവശ്യമുന്നിയിച്ചെന്ന വാർത്തയാണ് സുപ്രീംകോടതി നിഷേധിച്ചത്. ജസ്റ്റിസുമാർ സുപ്രീം കോടതി നിയോഗിച്ച ആഭ്യന്തര സമിതിയെ നേരിട്ട് കാണുകയോ പരാതി അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് സുപ്രീം കോടതി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിൽ പറഞ്ഞു. അന്വേഷണ സമിതി കാര്യം തീരുമാനിക്കുന്നത് സ്വന്തം നിലയ്‌ക്കെന്നും ജഡ്ജിമാര്‍ സമിതിയെ കണ്ടിട്ടില്ലെന്നും സെക്രട്ടറി ജനറല്‍ വിശദീകരിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച മുൻ കോടതി ജീവനക്കാരി സുപ്രീംകോടതിയുടെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുമ്പാകെ ഹാജരായിരുന്നു. ജസ്റ്റിസ് എസ് എ ബോബ്‍ഡെ, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് ഇന്ദിരാ ബാനർജി എന്നിവരടങ്ങിയ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുമ്പാകെയാണ് പരാതിക്കാരി ഹാജരായത്. ഇതൊരു സാധാരണ പരാതിയല്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെതിരായ ലൈംഗികാരോപണമാണെന്നും അതുകൊണ്ട് തന്നെ അതിന്‍റെ ഗൗരവത്തില്‍ കണ്ട് ഒരു അഭിഭാഷകയെ ഏര്‍പ്പെടുത്താന്‍ അനുവദിക്കണമെന്നും പരാതിക്കാരി ആവശ്യമുന്നയിച്ചിരുന്നു.