കൊല്‍ക്കത്ത: ദേശീയ പൗരത്വ ബില്‍ ബംഗാളിലും നടപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനോ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കോ അതിനെ തടയാനാകില്ലെന്നും ഘോഷ് കൂട്ടിച്ചേര്‍ത്തു. ബംഗാളായിക്കും നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി. പൗരത്വ രജിസ്റ്റര്‍ തയാറാക്കാനുള്ള നടപടി ആരംഭിച്ചത് മുതല്‍ നടപടിയെ ഏറ്റവും കൂടുതല്‍ എതിര്‍പ്പറിയിച്ച നേതാവാണ് മമതാ ബാനര്‍ജി. എന്ത് സംഭവിച്ചാലും പുതിയ പൗരത്വ ഭേദഗതി ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമതാ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
കശ്‌മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കുന്നതിനെതിരെയും, നോട്ട് നിരോധനത്തിനെതിരെയും മമത പ്രതിഷേധിച്ചിരുന്നു. എന്നാല്‍ അതെല്ലാം നടപ്പിലായി. അത് ഇത്തവണയും ആവര്‍ത്തിക്കുമെന്ന് ദിലീപ് ഘോഷ് പറഞ്ഞു. വോട്ട് ബാങ്ക് നഷ്‌ടമാകുമെന്ന ഭയമാണ് മമത ബില്ലിനെ എതിര്‍ക്കാന്‍ കാരണം. നുഴഞ്ഞുകയറ്റക്കാരെക്കുറിച്ചാണ് ആവലാതിയെന്നും ഹിന്ദുക്കളായ കുടിയേറ്റക്കാരെക്കുറിച്ച് അവര്‍ക്ക് ആശങ്കയില്ലെന്നും ഘോഷ് കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും അതിന് പിന്നില്‍ മമതയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു.
പുതിയ ഭേദഗതിക്കെതിരെ ബംഗാളിലും പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്. മുർഷിദാബാദ് ജില്ലയിലെ ബെല്‍ദാംഗ റെയില്‍വേ സ്റ്റേഷന് പ്രതിഷേധക്കാര്‍ തീവച്ചു. കോറോമൻഡല്‍ എക്‌സ്പ്രസിന്‍റെ ലോക്കോപൈലറ്റിന് നേരെ കല്ലെറിഞ്ഞു. പുതിയ നിയമപ്രകാരം 2014 ഡിസംബര്‍ മുപ്പത്തിയൊന്നിന് മുമ്പ് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. എന്നാല്‍ മുസ്‌ലിം വിഭാഗത്തെ പൗരത്വ ബില്ലില്‍ നിന്ന് ഒഴിവാക്കി.