ന്യൂഡൽഹി: വിവിഐപി ചോപ്പർ ഇടപാട് അഴിമതിക്കേസിൽ ജാമ്യം അനുവദിച്ചതിനെതിരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി മാപ്പുസാക്ഷി രാജീവ് സക്‌സേനയുടെ പ്രതികരണം തേടി. ജാമ്യം റദ്ദാക്കാനും അദ്ദേഹത്തിന് നൽകിയ മാപ്പുസാക്ഷി പദവി റദ്ദാക്കാനും ആവശ്യപ്പെട്ട അന്വേഷണ എജൻസിയുടെ അപേക്ഷയിൽ, ജസ്റ്റിസ് സി. ഹരിശങ്കർ സക്‌സേനയ്ക്ക് നോട്ടീസ് നൽകി.
അഗസ്റ്റ വെസ്റ്റ് ലാൻഡിൽ നിന്ന് 12 വിവിഐപി ഹെലികോപ്റ്ററുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട് 3,600 കോടി രൂപയുടെ അഴിമതിക്കേസിൽ ദുബായ് ആസ്ഥാനമായുള്ള വ്യവസായിയെ കഴിഞ്ഞ ജനുവരി 31 നാണ് ഇന്ത്യയ്ക്ക് കൈമാറിയത്. വിചാരണക്കോടതിയ്ക്ക് മുമ്പാകെ സമർപ്പിച്ച ഹർജിയിൽ, മാപ്പ് തേടുന്നതിനിടെ, തന്‍റെ അറിവിലുള്ള വസ്തുതകൾ പൂർണമായി വെളിപ്പെടുത്തുമെന്ന് സക്‌സേന പറഞ്ഞതായി ഇഡി പറഞ്ഞിരുന്നു. എന്നാൽ മാപ്പുനൽകിയ വ്യവസ്ഥകൾ പാലിക്കാൻ പ്രതിക്ക് കഴിയാതിരുന്നതിനെ തുടർന്ന് ഇയാൾ വിചാരണയ്ക്ക് ബാധ്യസ്ഥനാണെന്ന് വിചാരണ കോടതി അറിയിച്ചു.