അമരാവതി: ഭരണകക്ഷിയായ വൈഎസ്ആർസിപിയും പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടി (ടിഡിപി) പ്രവർത്തകരും ആസൂത്രണം ചെയ്‌ത റാലികൾ ആന്ധ്രയിലെ ചിറ്റൂർ ജില്ലയിൽ പൊലീസ് തടഞ്ഞു. തുടർന്ന് ഇരു പാർട്ടികളിലെയും നിരവധി നേതാക്കളെ വീട്ടുതടങ്കലിലാക്കി. ഹന്ദ്രി നീവ കനാൽ പൂർത്തീകരിച്ചില്ലെന്ന് ആരോപിച്ച് ഏതാനം ടിഡിപി നേതാക്കളും ജില്ലാ പ്രവർത്തകരും പ്രതിഷേധ റാലി ആസൂത്രണം ചെയ്‌തിരുന്നു. രാമകുപ്പത്തിൽ നിന്ന് കുപ്പത്തിലേക്ക് 143 കിലോമീറ്റർ മാർച്ച് നടത്താൻ പൊലീസ് അനുമതിക്കായി പ്രവർത്തകർ അപേക്ഷ നൽകിയിരുന്നു. ഈ നീക്കത്തെ ചെറുക്കാൻ പ്രാദേശിക നേതാക്കളും ഭരണകക്ഷിയായ വൈഎസ്ആർസിപിയുടെ നേതാക്കളും റാലിക്ക് അനുമതിക്കായി അപേക്ഷിച്ചിരുന്നു.
കൊവിഡ് പകർച്ചവ്യാധി കണക്കിലെടുത്ത് പൊലീസ് നിയമത്തിലെ സെക്ഷൻ 30 ഇതിനകം തന്നെ മാസം അവസാനം വരെ പ്രാബല്യത്തിൽ ഉണ്ടായിരുന്നിട്ടും, സിആർപിസിയിലെ സെക്ഷൻ 144ഉം പൊലീസ് പ്രഖ്യാപിച്ചു. പലമനേറിലെ മുൻ ടിഡിപി മന്ത്രി അമർനാഥ് റെഡ്ഡി, എംഎൽസി ശ്രീനിവാസുലു, മനോഹർ, മുനിരത്നം, ചിറ്റൂരിലെ ജില്ലാ പാർട്ടി പ്രസിഡന്‍റ് നാനി എന്നിവരെ ഉൾപ്പടെയാണ് പൊലീസ് വീട്ടുതടങ്കലിലാക്കിയത്. അതുപോലെ, രാമക്കുപ്പം മണ്ഡൽ വൈ.എസ്.ആർ.സി.പി പ്രസിഡന്‍റ് ബാബു റെഡ്ഡിയെയും മറ്റുള്ളവരെയും വീട്ടുതടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്.