പട്‌ന: നിതീഷ് കുമാറിന്‍റെ ജനപിന്തുണയില്ലായ്‌മയെ മറികടക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബിഹാറിൽ കൂടുതൽ റാലികൾ നടത്തുന്നതെന്ന് എൽജെപി നേതാവ് ചിരാഗ് പാസ്വാൻ. നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ഒരാൾ പോലും വോട്ട് ചെയ്യിലെന്നും ചിരാഗ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ബിഹാറിൽ നിരവധി റാലികൾ നടത്തുന്നുണ്ട്. നിതീഷ് കുമാറിന്‍റെ പേരിൽ ഒരു ബിഹാരി പോലും വോട്ട് ചെയ്യാൻ പോകുന്നില്ലെന്ന് എല്ലാവർക്കും അറിയാവുന്നതിനാൽ പ്രധാനമന്ത്രി വളരെയധികം പരിശ്രമിക്കുകയാണ്.
രണ്ട് ദിവസമായി പ്രധാനമന്ത്രി ഏഴ് റാലികളാണ് നടത്തിയത്. ബീഹാറിലെ വിജയത്തിനായി പ്രധാനമന്ത്രി കഠിനമായി പരിശ്രമിക്കുകയാണ്. നിതീഷ് കുമാറിന് ബിഹാറിൽ ജനപ്രീതിയില്ലാത്തതിനാൽ രണ്ട് ദിവസത്തിനുള്ളിൽ പ്രധാനമന്ത്രിക്ക് ഏഴ് റാലികൾ നടത്തേണ്ടിവരുന്നു. അല്ലാത്തപക്ഷം ഡൽഹിയിൽ ഇരുന്ന് ബീഹാർ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിക്ക് എളുപ്പത്തിൽ വിജയിക്കാമായിരുന്നു. ചിരാഗ് പാസ്വാൻ പറഞ്ഞു.
ഇത്രയും അഴിമതിക്കാരനായ മുഖ്യമന്ത്രി നിതീഷ് കുമാറിന് മുമ്പാകെ ബിജെപി നേതാക്കൾ തല കുനിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ബിജെപി പ്രസിഡന്‍റ് ജഗദ് പ്രകാശ് നദ്ദയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എൻഡിഎ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിഹാർ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും ബിജെപിക്ക് കൂടുതൽ സീറ്റ് ലഭിച്ചാലും നിതീഷ് കുമാർ തന്നെയാകും സംസ്ഥാനത്തെ നയിക്കുകയെന്നുമായിരുന്നു നദ്ദയുടെ പ്രതികരണം.