ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘർഷം തുടരുന്നതിനിടെ ഇന്ത്യയുമായി ചർച്ചയ്ക്ക് തയാറായി ചൈന. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങുമായി ചർച്ചയ്ക്ക് ചൈനീസ് പ്രതിരോധ മന്ത്രി സമയം ചോദിച്ചു. മൂന്ന് ദിവസത്തെ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയുടെ ഭാഗമായി ഇരു മന്ത്രിമാരും റഷ്യയിലാണുള്ളത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ ചൈനയുമായി ചർച്ചയ്ക്ക് രാജ്‌നാഥ് സിങ് സമയം ക്രമീകരിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തിയില്‍ സുരക്ഷയും സമാധാനവും ഉറപ്പിക്കാന്‍ തയ്യാറാകണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാങ്കോംഗ് തടാകത്തിന്‍റെ തെക്കേ കരയ്ക്ക് സമീപം തന്ത്രപ്രധാനമായ മേഖലകളെല്ലാം ഇന്ത്യയുടെ കൈകളിലാണ്. അതോടൊപ്പം ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് തള്ളിക്കയറാനുള്ള ചൈനീസ് സൈന്യത്തിന്‍റെ നീക്കത്തെ ഇന്ത്യ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.
അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം വീണ്ടും തുടര്‍ന്നതോടെ രണ്ട് തവണ ഇന്ത്യ ചൈനയുമായി ബ്രിഗേഡ്- കമാൻഡർ തല ചര്‍ച്ചകള്‍ക്ക് മുതിര്‍ന്നിരുന്നു. സൈനിക തല ചർച്ചകളില്‍ സമവായം ഉണ്ടായിരുന്നില്ല. മോസ്‌കോയില്‍ എത്തിയ രാജ്‌നാഥ് സിങ് റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ റഷ്യയിലെ ഫെഡറൽ സർവീസ് ഓഫ് മിലിട്ടറി-ടെക്നിക്കൽ കോ ഓപ്പറേഷൻ ഡയറക്ടർ ദിമിത്രി ഷുഗേവുമായി കൂടിക്കാഴ്ച നടത്തി.