ചൈനീസ് നിഘണ്ടുവില്‍ യുദ്ധമെന്നാല്‍ സൗമനസ്യം എന്നാണോ അര്‍ഥം? 7 വര്‍ഷം മുന്‍പ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വേളയില്‍ ഷീ ജിന്‍പിങ്ങ് മുന്നോട്ട് വെച്ച “പുതിയ പഞ്ചശീല'' തത്വങ്ങള്‍ എന്നാല്‍ കൈകരുത്ത് കാട്ടി അതിര്‍ത്തിയില്‍ ഭൂമി പിടിച്ചെടുക്കലാണോ അര്‍ഥം? ചിന്തകരെ സംബന്ധിച്ചിടത്തോളം വിഷമിപ്പിക്കുന്ന ചില ചിന്തകളാണ് ഇവയൊക്കെയും. ഇരു രാജ്യങ്ങളിലേയും തലവന്മാര്‍ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളുടെ സ്വരവും കാലയളവുമെല്ലാം ഏത് പ്രശ്‌നങ്ങളെക്കുറിച്ചുമുള്ള അഭിപ്രായ വ്യത്യാസങ്ങളും രമ്യമായി പരിഹരിക്കണമെന്നും, അവ ഒരിക്കലും വിവാദങ്ങളിലേക്ക് കടന്നു കൂടാ എന്നുമായിരുന്നുവെങ്കില്‍, ഈയിടെ ലഡാക്ക് അതിര്‍ത്തിയില്‍ നടന്ന രക്ത ചൊരിച്ചില്‍ അവയിലുള്ള മൊത്തം വിശ്വാസവും നഷ്‌ടപ്പെടുത്തി. ആറാഴ്‌ച മുന്‍പ് ചൈനയുടെ സൈന്യം അതിര്‍ത്തി കടക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ശേഷം ഇരു രാജ്യങ്ങളിലേയും സൈനികര്‍ മുഖാമുഖം നിലകൊണ്ട് സംഘര്‍ഷം ഉടലെടുക്കാന്‍ ഇടയാക്കിയ സാഹചര്യങ്ങളൊക്കെയും പതുക്കെ സാധാരണ ഗതിയിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു 20 ഇന്ത്യന്‍ സൈനികരുടെ ബലിദാനത്തിനിടയാക്കി കൊണ്ടുള്ള ഏറ്റുമുട്ടലുകള്‍ സംഭവിച്ചത്. നാലര ദശാബ്‌ദം നീണ്ട ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ ഇപ്പോള്‍ ഇന്ന് ഈ നിലയില്‍ ആളികത്തുവാന്‍ ഇടയാക്കിയത് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ മുഷ്‌ക് കാട്ടല്‍ തന്നെയാണെന്ന് സംശയമില്ല.
തിബറ്റിനെ തങ്ങളുടെ മുഷ്‌ടിക്കകത്താക്കി കഴിഞ്ഞാല്‍ ഭൂട്ടാനും ലഡാക്കും നേപ്പാളും സിക്കിമും അരുണാചല്‍ പ്രദേശും തങ്ങളുടെ അഞ്ച് കൈവിരലുകളായി മാറുമെന്നാണ് ചൈന കരുതുന്നത്. ഭൂട്ടാനെ ഇന്ത്യയില്‍ നിന്നും അകറ്റി അത് പിടിച്ചടക്കാമെന്നുള്ള അവരുടെ തന്ത്രം പരാജയപ്പെട്ടപ്പോള്‍ 2017ല്‍ 10 ആഴ്‌ചയോളം ഡോക്‌ലാമില്‍ സംഘര്‍ഷം സൃഷ്‌ടിച്ചു കൊണ്ടാണ് ചൈനീസ് സൈന്യം പിന്‍വാങ്ങിയത്. ഇരു രാജ്യങ്ങളും സംയുക്തമായി ഒപ്പ് വെച്ച 1993-ലെ കരാര്‍ പ്രകാരം ഒരു അവസാന പ്രശ്‌ന പരിഹാരം ഉണ്ടാകുന്നതുവരെ നിലവിലുള്ള നിയന്ത്രണ രേഖ ഇരു കൂട്ടരും അതേപടി അംഗീകരിക്കണമെന്നുള്ള തത്വം ലംഘിച്ചു കൊണ്ട് നിര്‍ണായകമായ പാങ്ഗോങ്ങ് തടാക മേഖല, ദെമോചോക്ക്, ഗാല്‍വന്‍ താഴ്‌വര, ദൗലത് ബേഗ് ഓള്‍ഡി എന്നിവ കൈയ്യേറാനുള്ള ശ്രമമാണ് അവര്‍ നടത്തിയത്. അതിര്‍ത്തി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനങ്ങളിലും മോദി സര്‍ക്കാര്‍ ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചതിലും ചൈന തീര്‍ത്തും അസന്തുഷ്‌ടരാണ് എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ അവരുണ്ടാക്കിയ പ്രശ്‌നങ്ങള്‍. പ്രകോപിപ്പിച്ചാല്‍ തക്ക തിരിച്ചടി നല്‍കുമെന്നുള്ള പ്രധാനമന്ത്രി മോദിയുടെ മുന്നറിയിപ്പിനെ അവര്‍ എത്രത്തോളം കണക്കിലെടുക്കുന്നുണ്ട് എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ചൈനീസ് സര്‍ക്കാരിന്‍റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിന്‍റെ മുഖപ്രസംഗത്തില്‍ പറയുന്നത് ചൈനക്കുമേല്‍ അമേരിക്ക ചെലുത്തുന്ന തന്ത്രപരമായ സമ്മര്‍ദം മൂലം ചൈനക്ക് അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ഒന്നും തന്നെ നടത്താന്‍ കഴിയില്ലെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ് ഇന്ത്യയെന്നും, ചൈനയുടെ സൈന്യത്തേക്കാള്‍ കരുത്തുറ്റതാണ് ഇന്ത്യയുടെ സൈന്യം എന്ന് ചില ഇന്ത്യക്കാര്‍ക്ക് 'മിഥ്യാബോധം'' ഉണ്ടെന്നുമാണ്. ഇന്ത്യ തങ്ങളുടെ മേഖലയിലേക്ക് അതിക്രമിച്ചു കയറിയതാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുക്കാനുണ്ടായ കാരണമെന്നും, ഇന്ത്യ അനധികൃതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കയാണെന്നും എന്നൊക്കെയുള്ള കെട്ടിച്ചമച്ച കഥകള്‍ ചൈന പുറത്തു വിട്ടുകൊണ്ടിരിക്കയാണ്. പാക്കിസ്ഥാന്‍ തങ്ങളുടെ കൈവശമുള്ള കശ്മീരിന്‍റെ ഭാഗമായിരുന്ന അക്‌സായ് ചിന്‍ ചൈനക്ക് അടിയറ വെച്ച ശേഷം അതിന്‍റെ തന്ത്രപരമായ പ്രാധാന്യം നിലനിര്‍ത്തുവാന്‍ ചൈന ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ നിലവില്‍ ഏറ്റുമുട്ടലുകള്‍ നടന്ന പ്രദേശത്തിന്‍റെ നിയന്ത്രണം അതിനായി അവര്‍ക്ക് ആവശ്യമുണ്ട്. ഇതിനു പുറമെ മോദി സര്‍ക്കാര്‍ എടുത്ത ശക്തമായ തീരുമാനങ്ങള്‍ ഏഷ്യാ-പസഫിക് മേഖലയിലെ പുതിയ രാഷ്‌ട്രീയ സമവാക്യങ്ങള്‍ ഇന്ത്യക്കനുകൂലമാക്കിയിരിക്കുന്നു എന്നതും ചൈനയെ ഉല്‍കണ്‌ഠപ്പെടുത്തുന്ന കാര്യമാണ്.
സമാധാനപരമായ അതിര്‍ത്തി ഉറപ്പാക്കുന്നതിനായി ഇന്ത്യ പാശ്ചാത്യ അനുകൂല തത്വങ്ങളില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് ചൈന ആവശ്യപ്പെടുമ്പോള്‍ തന്നെ, ഇന്ത്യയും ഓസ്‌ട്രേലിയയും ജപ്പാനും അമേരിക്കയും ചേര്‍ന്ന സംയുക്ത സഖ്യത്തെ ഉള്‍കൊള്ളാനും അവര്‍ക്ക് കഴിയുന്നില്ല. മോദി രണ്ടാം തവണ അധികാരം ഏറ്റെടുത്തതിനു ശേഷം ഉണ്ടായ സംഭവ വികാസങ്ങളിലും ചൈന അതൃപ്‌തരാണ്. അതുപോലെ ഈയിടെ ജി-7 വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇന്ത്യയെ അതിന്റെ ഭാഗമാക്കുവാന്‍ ട്രംപ് നിര്‍ദ്ദേശിച്ചതും അവരെ ചൊടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ സ്വാധീനത്തെ പിടിച്ചു കെട്ടാനുള്ള ഒരു തന്ത്രപരമായ കളിയാണ് ഇന്ത്യയെ ജി-7 ല്‍ ഉള്‍പ്പെടുത്തുന്നതെന്നത് അവരെ അതൃപ്‌ത രാക്കുമ്പോള്‍ കൊവിഡ് മഹാമാരിയുടെ സ്രോതസ് കണ്ടെത്തണമെന്നുള്ള ആവശ്യത്തിന് ഇന്ത്യ പിന്തുണ നല്‍കുന്നതും ചൈനയെ കൂടുതല്‍ ചൊടിപ്പിക്കുന്നു. എപ്പോഴൊക്ക പൊതു ജനങ്ങളില്‍ അതൃപ്‌തി ഉണ്ടാവുകയോ അല്ലെങ്കില്‍ ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യമുണ്ടാകുന്നുവോ അപ്പോഴൊക്കെ ചൈന പുതിയ തന്ത്രങ്ങള്‍ കണ്ടുപിടിച്ചു കൊണ്ടിരിക്കും എന്നാണ് വിശകലന വിദഗ്‌ധര്‍ പറയുന്നത്. ഇത്തവണയും കൊവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിന് പറ്റാതെ പോയതിന്‍റെ പേരില്‍ ഉയര്‍ന്ന പൊതുജന രോഷം നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ അതിര്‍ത്തികളില്‍ സംഘര്‍ഷങ്ങളും യുദ്ധസമാനമായ സാഹചര്യങ്ങളും സൃഷ്‌ടിച്ച് സ്വന്തം ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുവാന്‍ ശ്രമിക്കുന്നു. മുന്‍ കാലങ്ങളിലും ആഭ്യന്തരമായ പരാജയങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുവാനായി അവര്‍ യുദ്ധം പോലുള്ള തന്ത്രങ്ങള്‍ പുറത്തേടുത്തിട്ടുണ്ട് എന്നതാണ് വസ്‌തുത. ചൈനയുടെ ഇത്തരത്തിലുള്ള ഗൂഢലക്ഷ്യങ്ങളെ പുറത്ത് കൊണ്ടു വരുവാന്‍ തങ്ങളുടെ ആയുധങ്ങള്‍ എല്ലാം തന്നെ മൂര്‍ച്ച കൂട്ടി കൊണ്ട് ഇന്ത്യ അതിനെ കരുത്തുറ്റ രീതിയില്‍ നേരിടേണ്ടിയിരിക്കുന്നു.