ന്യൂഡൽഹി: ദേശീയ പോളിയോ പ്രതിരോധ ദിനത്തിൽ രാജ്യത്തുടനീളം അഞ്ച് വയസില്‍ താഴെയുള്ള 89 ലക്ഷത്തോളം കുട്ടികൾക്ക് പോളിയോ പ്രതിരോധ മരുന്ന നല്‍കി. "പോളിയോ രവിവാർ" എന്ന് പേരിട്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പരിപാടി ആവിഷ്കരിച്ചത്.
ഏഴ് ലക്ഷത്തോളം ബൂത്തുകളിൽ 12 ലക്ഷത്തോളം വാക്സിനേറ്റർമാരും 1.8 ലക്ഷം സൂപ്പർവൈസർമാരും അടങ്ങുന്ന സംഘമാണ് മരുന്ന് വിതരണത്തിന് നേതൃത്വം നല്‍കിയത്. അതേസമയം പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. വരുന്ന അഞ്ച് ദിവസങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ രാജ്യത്തെ എല്ലാ വീടുകളിലുമെത്തും. എല്ലാ കുട്ടികള്‍ക്കും മരുന്ന് ലഭ്യമായിട്ടുണ്ടെന്ന ഉറപ്പാക്കുകയാണ് ലക്ഷ്യം. കുത്തിവയ്‌പ്പ് ലഭിക്കാത്ത കുട്ടികള്‍ക്ക് വീടുകളിലെത്തി മരുന്ന് നല്‍കും.
ബസ് ടെർമിനലുകളിലും മരുന്ന് വിതരണത്തിനുള്ള ടീമുകളെ വിന്യസിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ഫെറി ക്രോസിങ് എന്നിവിടങ്ങളിലും ആരോഗ്യപ്രവര്‍ത്തകരുണ്ടാകും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് മരുന്ന് വിതരണം നടന്നത്. സാമൂഹിക അകലം പാലിച്ചാണ് ആളുകള്‍ കേന്ദ്രങ്ങളില്‍ നില്‍ക്കുന്നതെന്ന് ഉറപ്പ് വരുത്തും. ഒപ്പം മാസ്ക്, ഹാൻഡ് സാനിറ്റൈസര്‍ തുടങ്ങിയവയും ഉറപ്പ് വരുത്തുന്നുണ്ട്.